ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനവിധി വ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വരും നാളുകളിൽ ശക്തമായ പ്രതിപക്ഷമായി ഡിഎംകെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡിഎംകെ പലതവണ അധികാരത്തിലിരുന്നിട്ടുണ്ടെന്നും പാർട്ടി കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു. "തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. ഡിഎംകെയെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമല്ല. പരാജയങ്ങളിൽ തളരാതെ, തെറ്റുകൾ തിരുത്തി പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരും," അദ്ദേഹം കുറിച്ചു.
വിജയിച്ച കക്ഷികളെ അഭിനന്ദിച്ച അദ്ദേഹം, ഡിഎംകെ സഖ്യത്തിന് വോട്ട് ചെയ്ത ഒന്നര കോടിയിലധികം വരുന്ന വോട്ടർമാർക്കും കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിച്ചു. വിജയിച്ച പാർട്ടിയുമായുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം വളരെ കുറവാണെന്നത് ജനങ്ങൾക്ക് ഇപ്പോഴും ഡിഎംകെയിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ വിജയിയുടെ തമിഴക വെട്രി കഴകം തരംഗം സൃഷ്ടിച്ച തിരഞ്ഞെടുപ്പിൽ, സ്വന്തം തട്ടകമായ കൊളത്തൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. വരും ദിവസങ്ങളിൽ പാർട്ടി പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് സൂചന.
Key Words : TVK, MK Stalin, DMK

COMMENTS