തിരുവനന്തപുരം : യു ഡി എഫ് സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജ...
തിരുവനന്തപുരം : യു ഡി എഫ് സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്‌കോ-കോണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും 10% വച്ച് അടച്ചുപൂട്ടാന്‍ ആരംഭിച്ചിരുന്നു. പിന്നീട് 29 ബാറുകള്‍ ഒഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പാത പുതിയ സര്‍ക്കാര്‍ പിന്തുടരണം.
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍ വരുത്തണം. തൊട്ടടുത്ത സംസ്ഥാനത്ത് മദ്യനിരോധന ഘട്ടങ്ങള്‍ തുടങ്ങിവച്ചിരിക്കുന്നതുകൊണ്ട് കേരളത്തില്‍ പ്രാബല്യത്തിലാക്കല്‍ കൂടുതല്‍ എളുപ്പമാകും.
മാരക മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യണം. യുവതലമുറയും ഇളംതലമുറയും വ്യാപകമായി മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടക-തമിഴ്‌നാട്-കേരളം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പങ്കാളിത്ത അയല്‍ സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മയക്കുമരുന്നുകളെ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുമെന്നും സംസ്ഥാന സമിതിക്കുവേണ്ടി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു.
സംസ്ഥാന സമിതിയുടെ സെക്രട്ടറിയേറ്റ് യോഗം 16 ന് ശനിയാഴ്ച വൈകുന്നേരം 8.30ന് ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കും.
Key Words : Pinarayi government's Liquor Policy, Tamil Nadu Government, Vijay, KCBC Anti-Liquor Committee.

COMMENTS