ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ തകർത്തെറിഞ്ഞ് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ചരിത്ര വിജയം കുറിച...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ തകർത്തെറിഞ്ഞ് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ചരിത്ര വിജയം കുറിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരിക്കുകയാണ്.
അപ്രതീക്ഷിത തിരിച്ചടി നേരിട്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ. സൈദാപ്പേട്ടിലും മറ്റ് നിർണ്ണായക മണ്ഡലങ്ങളിലും ഡിഎംകെ സ്ഥാനാർത്ഥികൾക്ക് പരാജയം രുചിക്കേണ്ടി വന്നത് ഭരണകക്ഷിക്ക് കനത്ത ആഘാതമായി.
വിജയ് തരംഗത്തിൽ എഐഎഡിഎംകെ, ഡിഎംകെ മുന്നണികൾക്ക് വലിയ തോതിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായത്. യുവാക്കളുടെയും വനിതകളുടെയും വലിയ പിന്തുണ വിജയ്‌യുടെ വിജയത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നൂറിലധികം സീറ്റുകളിൽ ടിവികെ സ്ഥാനാർത്ഥികൾ ലീഡ് തുടരുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളുടെ അരനൂറ്റാണ്ട് നീണ്ട ആധിപത്യത്തിനാണ് അന്ത്യം കുറിക്കപ്പെടുന്നത്.
'ജനനായകനായി വിജയ്' എന്ന മുദ്രാവാക്യവുമായി തമിഴ്‌നാട്ടിലുടനീളം ടിവികെ പ്രവർത്തകർ വലിയ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.
വിജയ്‌യുടെ രാഷ്ട്രീയ ജീവിതം സിനിമയിലെന്നപോലെ തന്നെ നാടകീയവും ആവേശകരവുമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്റെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് വിജയ് രാഷ്ട്രീയ അടിത്തറ പാകിയത്. 2024 ഫെബ്രുവരി 2-നാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'പിറപ്പൊക്കും എല്ലാ ഉയിർക്കും' (എല്ലാവരും ജനനത്താൽ തുല്യർ) എന്നതാണ് പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. മതേതരത്വം, സാമൂഹിക നീതി, ലിംഗസമത്വം എന്നിവയാണ് പാർട്ടിയുടെ പ്രധാന നയങ്ങൾ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ലെന്നും ജനങ്ങൾക്കായി പൂർണ്ണമായും സമർപ്പിക്കേണ്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, നിലവിലുള്ള സിനിമാ കരാറുകൾ പൂർത്തിയാക്കി താൻ അഭിനയം നിർത്തുമെന്ന് വിജയ് അറിയിച്ചു. വിക്രവാണ്ടിയിലും (2024 ഒക്ടോബർ) മധുരയിലും (2025 ഓഗസ്റ്റ്) നടന്ന വൻ രാഷ്ട്രീയ സമ്മേളനങ്ങളിലൂടെ ടിവികെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറി. ബിജെപിയെ 'ആദർശപരമായ എതിരാളി'യായും ഡിഎംകെയെ 'രാഷ്ട്രീയ ശത്രു'വായും വിജയ് തന്റെ പ്രസംഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
Key Words : TVK, Vijay, Tamil Nadu Election 2026, Thalapathy Vijay , Stalin Defeated

COMMENTS