മുംബൈ: 1993-ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിന്റെ അറസ്റ്റ് ഒഴിവാക്കാൻ പിതാവ് സുനിൽ ദത്ത് എംപി കടുത്ത സമ്മർദ്ദം ചെലുത്ത...
മുംബൈ: 1993-ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിന്റെ അറസ്റ്റ് ഒഴിവാക്കാൻ പിതാവ് സുനിൽ ദത്ത് എംപി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ മുംബൈ പൊലീസ് കമ്മിഷണർ എം.എൻ. സിങ്. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിങ് വർഷങ്ങൾക്കിപ്പുറം നിർണ്ണായകമായ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
മകൻ കാണിച്ചത് ഒരു മണ്ടത്തരമാണെന്നും അവനൊരിക്കലും ഒരു ഭീകരവാദി അല്ലെന്നും സുനിൽ ദത്ത് തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. അതിനാൽ സഞ്ജയ് ദത്തിനെതിരെ ഭീകരവാദ വിരുദ്ധ നിയമമായ 'ടാഡ' (TADA) ചുമത്തരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു പിതാവ് എന്ന നിലയിൽ മകനെ രക്ഷിക്കാനുള്ള സുനിൽ ദത്തിന്റെ ആകുലതകൾ തനിക്ക് മനസ്സിലാക്കാവുന്നതായിരുന്നുവെന്നും സിങ് പറഞ്ഞു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാറിനെക്കൊണ്ട് പോലും സുനിൽ ദത്ത് തന്നെ വിളിപ്പിച്ചിരുന്നു.
എന്നാൽ ആയുധങ്ങൾ കൈവശം വെച്ച കുറ്റം ഗൗരവകരമായതിനാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്യാൻ താൻ നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നുവെന്നും എം.എൻ. സിങ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് എകെ-56 റൈഫിൾ നിയമവിരുദ്ധമായി കൈവശം വെച്ചതിനാണ് സഞ്ജയ് ദത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഗൂഢാലോചനയിൽ പങ്കില്ലെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് പിന്നീട് സഞ്ജയിനെ ടാഡാ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിരുന്നു.
Key Words : Sunil Dutt, Sanjay Dutt, Mumbai Police Commissioner, 1993 Mumbai blasts case

COMMENTS