ശബരിമല: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെയും കർണാടകയിലെയും ക്ഷേത്രങ്ങൾ നവീകരിക്കാൻ ഉപയോഗിച്ചതായി സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്...
ശബരിമല: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെയും കർണാടകയിലെയും ക്ഷേത്രങ്ങൾ നവീകരിക്കാൻ ഉപയോഗിച്ചതായി സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തൽ. ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ഇതോടെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പങ്കജ് ഭണ്ഡാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഈ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ പരിശോധന ആരംഭിച്ചു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും ശ്രീകോവിൽ വാതിൽപ്പാളികളിൽ നിന്നും രാസമിശ്രിതം ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തത്. ഇങ്ങനെ വേർതിരിച്ചെടുത്ത സ്വർണം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനുമായി സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചുവെന്നാണ് പുതിയ മൊഴി. കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരിയായ ഗോവർധൻ എന്നിവരുൾപ്പെടെ പത്തോളം പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് 800 ഗ്രാമിലധികം സ്വർണം എസ്ഐടി കണ്ടെടുത്തിരുന്നു.
സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയും ഗോവർധനും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.ഈ കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നും മറ്റ് ക്ഷേത്രങ്ങളിലേക്ക് കടത്തിയ സ്വർണം എത്രത്തോളമുണ്ടെന്നും കണ്ടെത്താനാണ് എസ്ഐടി ഇപ്പോൾ ശ്രമിക്കുന്നത്.
Key Words : Sabarimala Gold Theft, Investigation, Pankaj Bhandari

COMMENTS