നയ്പിഡോ: അഞ്ച് വർഷത്തെ ജയിൽ വാസത്തിന് ശേഷം മ്യാന്മറിലെ ജനാധിപത്യ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂകിയെ വീട്ടുതടങ്കലിലേക്ക് മാറ്റി....
നയ്പിഡോ: അഞ്ച് വർഷത്തെ ജയിൽ വാസത്തിന് ശേഷം മ്യാന്മറിലെ ജനാധിപത്യ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂകിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. ബുദ്ധമത വിശ്വാസപ്രകാരമുള്ള വിശേഷദിനത്തോടനുബന്ധിച്ച് (ബുദ്ധ പൂർണിമ) പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മ്യാന്മർ സൈനിക ഭരണകൂടം അറിയിച്ചു.80 വയസ്സുള്ള സൂകിയുടെ ശിക്ഷാ കാലാവധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 33 വർഷത്തെ തടവുശിക്ഷ പല ഘട്ടങ്ങളിലായി കുറച്ച് ഇപ്പോൾ 18 വർഷമായി ചുരുക്കിയിരിക്കുകയാണ്.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഈ മാറ്റമെന്നും, ബാക്കിയുള്ള ശിക്ഷാ കാലാവധി ഇനി ഒരു പ്രത്യേക മന്ദിരത്തിൽ വീട്ടുതടങ്കലിൽ കഴിയാമെന്നും സൈനിക തലവൻ മിൻ ഓങ് ഹ്ലൈങ് വ്യക്തമാക്കി.ജയിൽ മോചനത്തിന് പിന്നാലെ സൂകിയുടെ പുതിയ ചിത്രം സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടു.
2021-ലെ സൈനിക അട്ടിമറിക്ക് ശേഷം ഇതാദ്യമായാണ് അവരുടെ ഔദ്യോഗിക ചിത്രം പുറത്തുവരുന്നത്. എന്നാൽ, ഈ ചിത്രത്തിന്റെ ആധികാരികതയിൽ അവരുടെ മകൻ കിം ആരിസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.2021 ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയിലൂടെയാണ് സൂകിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. അന്നുമുതൽ ഏകാന്ത തടവ് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലായിരുന്നു അവർ. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും സൈനിക ഭരണകൂടത്തിന്റെ ഈ നീക്കത്തെ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ആദ്യ ചുവടുവെപ്പായി സ്വാഗതം ചെയ്തു.
Key Words : Prison, House Arrest, Myanmar military , Aung San Suu Kyi

COMMENTS