കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കണ്ണൂർ ജില്ലയിൽ സി.പി.എം നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. '...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കണ്ണൂർ ജില്ലയിൽ സി.പി.എം നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. 'പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി അഴീക്കോട് മണ്ഡലത്തിലെ കാപ്പിലെ പീടികയിൽ പി. ജയരാജനെ അനുകൂലിച്ച് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ മാറ്റിനിർത്തണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണ്. മട്ടന്നൂരിലും തളിപ്പറമ്പിലും സമാനമായ രീതിയിൽ നേരത്തെ ഫ്ലക്സുകൾ ഉയർന്നിരുന്നു. കോളയാട് സ്ഥാപിച്ച ഫ്ലക്സിൽ മുഖ്യമന്ത്രി പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്നും എം. സ്വരാജിനും പി. ജയരാജനും നേതൃത്വത്തിൽ പിന്തുണ പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
തളിപ്പറമ്പിൽ വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടിയുമായി അകന്നപ്പോൾ പി. ജയരാജൻ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് അണികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വലിയ തിരുത്തലുകൾ വേണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് പി. ജയരാജനെ മുൻനിർത്തിയുള്ള ഈ നീക്കങ്ങൾ ശ്രദ്ധേയമാകുന്നത്.
Key Words : CPM, Kannur; Flux boards, P. Jayarajan

COMMENTS