ന്യൂഡൽഹി/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന...
ന്യൂഡൽഹി/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹീനമായ ആക്രമണമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിൻ്റെ തുടർച്ചയാണിത്. സി.എം.ആർ.എൽ (സിഎംആർഎൽ) ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീണാ വിജയൻ്റെ സോഫ്റ്റ്‌വെയർ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ്, സി.എം.ആർ.എല്ലിന് നൽകിയ കൃത്യമായ സേവനത്തിനാണ് പ്രതിഫലം കൈപ്പറ്റിയത്. ഇത് അഴിമതിയാണെന്ന് വരുത്തിതീർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചോദ്യം ചെയ്യലുകൾക്ക് കൃത്യമായി ഹാജരാകുകയും വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തിട്ടും റെയ്ഡുമായി മുന്നോട്ടുപോകുന്നത് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ്. ഈ നീക്കങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരും തമ്മിൽ ഡൽഹിയിൽ വെച്ച് നടത്തിയ രാഷ്ട്രീയ തീരുമാനമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.എ. ബേബി ആരോപിച്ചു.
യാതൊരു സേവനവും നൽകാതെ സി.എം.ആർ.എല്ലിൽ നിന്നും വൻ തുക കൈപ്പറ്റിയ പ്രമുഖർ നിലവിലെ യു.ഡി.എഫ് സർക്കാരിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇവർക്കെതിരെയാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം റെയ്ഡുകൾ കാണിച്ച് പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ല. അടിയന്തരാവസ്ഥാ കാലത്ത് ജയിൽവാസവും ക്രൂരമായ പൊലീസ് മർദ്ദനവും നേരിട്ട് അതിജീവിച്ച ജനകീയ നേതാവാണ് പിണറായി വിജയൻ. ഈ രാഷ്ട്രീയ വേട്ടയാടലിനെ നിയമപരമായി നേരിടുന്നതിനൊപ്പം, ഇതിന് പിന്നിലെ ഗൂഢാലോചന ജനങ്ങളെ അണിനിരത്തി പാർട്ടി രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
Key Words : Pinarayi Vijayan, MA Baby, ED Raid

COMMENTS