ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകം മുറുകുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തൻ്റ...
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകം മുറുകുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തൻ്റെ പാർട്ടിയുടെ പിന്തുണയുണ്ടെന്ന് കാണിക്കാൻ വ്യാജ കത്ത് ചമച്ചുവെന്ന് ആരോപിച്ച് അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ പൊലീസിൽ പരാതി നൽകി.
എഎംഎംകെയുടെ ഏക എം.എൽ.എയായ എസ്. കാമരാജ് ടി.വി.കെ-യ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് നൽകിയതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇത് വ്യാജമാണെന്നും തൻ്റെ എം.എൽ.എയെ കാണാനില്ലെന്നും ആരോപിച്ച് ദിനകരൻ രംഗത്തെത്തി. എന്നാൽ, കാമരാജ് സ്വമേധയാ കത്തെഴുതുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ട് ടി.വി.കെ ഇതിനെ പ്രതിരോധിച്ചു. ദിനകരൻ്റെ അനുമതിയോടെയാണ് താൻ വിജയ്‌യെ പിന്തുണയ്ക്കുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം എം.എൽ.എ കാമരാജിനൊപ്പം ഗവർണറെ സന്ദർശിച്ച ദിനകരൻ എല്ലാവരെയും ഞെട്ടിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം രാജ്ഭവനിൽ നിന്ന് മടങ്ങിയത്. പിന്നാലെ വിജയ്‌യുടെ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി ദിനകരൻ രംഗത്തെത്തുകയായിരുന്നു.
ഗവർണർക്ക് മുന്നിൽ കാമരാജിനെ നേരിട്ട് ഹാജരാക്കിയതിലൂടെ, എ.ഐ.എ.ഡി.എം.കെ-യ്ക്കുള്ള പിന്തുണ ഉറപ്പിക്കാനും തന്റെ പാർട്ടി ടി.വി.കെ-യിലേക്ക് മാറിയെന്ന വാർത്തകൾ തള്ളിക്കളയാനുമാണ് ദിനകരൻ ശ്രമിച്ചത്.കൂടപ്പിറപ്പായ എ.ഐ.എ.ഡി.എം.കെ-യ്ക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കിയ ദിനകരൻ, വിജയ്‌യെ പിന്തുണയ്ക്കുന്നു എന്ന പേരിൽ പ്രചരിക്കുന്നത് ഒരു 'വ്യാജ സിറോക്സ് കോപ്പി' ആണെന്നും ആരോപിച്ചു. "ഇത് ശുദ്ധമായ വ്യാജരേഖ ചമയ്ക്കലാണ്, ഞങ്ങൾ ക്രിമിനൽ കേസ് ഫയൽ ചെയ്യും," ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. മാത്രമല്ല സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എടപ്പാടി പളനിസ്വാമിയാണെന്നും ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ പാർട്ടികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ദിനകരൻ സത്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടി.വി.കെ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് ആരോടും വിലപേശേണ്ട ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. ഒരേസമയം വിജയ് പക്ഷവും പളനിസ്വാമി പക്ഷവും അവകാശവാദങ്ങളുമായി രംഗത്തുള്ളത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Key Words : Political drama, TVK, Tamil Nadu Politics, Vijay

COMMENTS