പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട്ടെ താരപോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ...
പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട്ടെ താരപോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 12,500-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിഷാരടി നിയമസഭയിലേക്ക് വണ്ടി കയറുന്നത്. തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ഒട്ടേറെ സിനിമാതാരങ്ങൾ പരാജയപ്പെട്ടപ്പോൾ, വിജയക്കൊടി പാറിക്കാൻ സാധിച്ച ഏക 'സിനിമാക്കാരൻ' എന്ന നേട്ടവും പിഷാരടിക്ക് സ്വന്തമായി.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ലീഡ് ഉയർത്തിയെങ്കിലും, നഗരപരിധി കഴിഞ്ഞതോടെ പിഷാരടി കരുത്തുകാട്ടി. ബിജെപി രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്.
എൻഡിഎ നിരയിൽ അണിനിരന്ന പ്രമുഖ സിനിമാ-മിനിസ്ക്രീൻ താരങ്ങൾക്കെല്ലാം മണ്ഡലങ്ങളിൽ പതർച്ച നേരിട്ടപ്പോൾ പിഷാരടിയുടെ വിജയം യുഡിഎഫിന് വലിയ ആശ്വാസമായി. വ്യക്തിപരമായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും ജനകീയ അടിത്തറ കൊണ്ട് മറികടന്നാണ് ഈ വിജയമെന്ന് വോട്ടെണ്ണലിന് ശേഷം രമേഷ് പിഷാരടി പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധത കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളെ അണിനിരത്തി വോട്ട് പിടിക്കാനുള്ള മുന്നണികളുടെ നീക്കം ഭാഗികമായി മാത്രം വിജയിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിനായി തിരുവനന്തപുരത്ത് മത്സരിച്ച സുധീർ കരമന രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, എൻഡിഎ ക്യാമ്പിലെ താരങ്ങളെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചർച്ചയായ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ സാധിച്ചില്ല. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. റോബിൻ രാധാകൃഷ്ണനും, ട്വന്റി 20-ക്ക് വേണ്ടി മത്സരിച്ച അഖിൽ മാരാർ, അഞ്ജലി നായർ എന്നിവരും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് ട്വന്റി 20 പ്രഖ്യാപിച്ച രണ്ട് താരങ്ങൾക്ക് വരണാധികാരികൾ അനുമതി നിഷേധിച്ചതും മുന്നണിക്ക് തിരിച്ചടിയായിരുന്നു.
തിരുവനന്തപുരത്ത് അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സുധീർ കരമന ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, പാലക്കാട് മണ്ഡലത്തിൽ 12,500-ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി രമേഷ് പിഷാരടി തന്റെ രാഷ്ട്രീയ പ്രവേശം ഗംഭീരമാക്കി. സിനിമ-മിനിസ്ക്രീൻ മേഖലയിൽ നിന്ന് ഇത്തവണ സഭയിലെത്തുന്ന ഏക പ്രതിനിധിയും പിഷാരടിയാണ്.
Key Words: Ramesh Pisharody, Palakkad, Kerala Election, UDF, NDA

COMMENTS