തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എ സ്ഥാന...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ ആവശ്യപ്പെട്ടു.
കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ പിണറായി വിരുദ്ധ വികാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നതെന്ന് അവർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലും രക്തസാക്ഷി ഗ്രാമങ്ങളിലും പോലും ജനങ്ങൾ ഇത്തവണ മാറ്റം ആഗ്രഹിച്ചുവെന്ന് രമ ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങളായ രക്തസാക്ഷി ഗ്രാമങ്ങൾ പോലും ഇത്തവണ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്തു. കയ്യൂർ, കരിവെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ പോലും പാർട്ടിയുടെ അടിത്തറ ഇളകിയെന്ന് അവർ പറഞ്ഞു. യുഡിഎഫിന് ലഭിച്ച വൻ വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ്.
എക്കാലവും അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തിരുന്ന ഇടതുപക്ഷ അനുഭാവികൾ പോലും ഇത്തവണ കൈപ്പത്തിക്കും (കോൺഗ്രസ്) കോണിക്കും (ലീഗ്) വോട്ട് ചെയ്യാൻ തയ്യാറായി. മറ്റുള്ളവരെ 'കുലംകുത്തികൾ' എന്ന് വിളിച്ചും അഹങ്കാരത്തോടെയും മുന്നോട്ട് പോയ ഭരണകൂടത്തിനുള്ള മറുപടിയാണിത്. അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ അവഗണിച്ച പിണറായി വിജയൻ ജനവിധി മാനിക്കണമെന്നും രമ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ പാണക്കാട് സന്ദർശിച്ച വേളയിലാണ് കെ.കെ. രമ മാധ്യമങ്ങളോട് ഇത്തരം രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയത്.
Key Words : KK Rama, Pinarayi Vijayan

COMMENTS