ഓസ്‌ലോ: 2026-ലെ സമാധാന നൊബേൽ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. ഇസ്രയേൽ,...
ഓസ്‌ലോ: 2026-ലെ സമാധാന നൊബേൽ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇടംപിടിച്ചതായി റിപ്പോർട്ടുകൾ.
ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നൊബേൽ കമ്മിറ്റിക്ക് മുന്നിൽ നിർദ്ദേശിച്ചതെന്നാണ് സൂചന.ആഗോളതലത്തിൽ നിലനിൽക്കുന്ന വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും ലഘൂകരിക്കുന്നതിൽ ട്രംപ് നടത്തിയ നിർണ്ണായക ഇടപെടലുകളാണ് ഈ നാമനിർദ്ദേശത്തിന് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച്, ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ നടപ്പിലാക്കിയതും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ മുൻകൈ എടുത്തതും വലിയ നേട്ടങ്ങളായി ഈ രാജ്യങ്ങൾ വിലയിരുത്തുന്നു. എന്നാൽ, ഇന്ത്യ ട്രംപിൻ്റെ അവകാശവാദം പല പ്രാവശ്യം തള്ളിയിട്ടുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പാക് സൈനിക മേധാവി ജനറൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവരാണ് ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം, നൊബേൽ നിയമപ്രകാരം നാമനിർദ്ദേശ പട്ടിക രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ നൊബേൽ കമ്മിറ്റി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ആകെ 287 നാമനിർദ്ദേശങ്ങളാണ് ഇത്തവണ സമാധാന പുരസ്കാരത്തിനായി ലഭിച്ചിട്ടുള്ളത്. ഒക്ടോബർ ഒൻപതിനാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക. 2025-ലെ സമാധാന നൊബേൽ ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ തന്റെ മെഡൽ ട്രംപിന് കൈമാറിയത് നേരത്തെ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.
Key Words : Nobel Peace Prize 2026, Donald Trump

COMMENTS