ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയി...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സി.വി. ആനന്ദ ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാളിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത്. പതിനഞ്ച് വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി വൻ വിജയം നേടിയത്. മമത ബാനർജിയെ അവരുടെ സിറ്റിംഗ് സീറ്റായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വിജയം ഇരട്ടി മധുരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരടക്കം പ്രമുഖ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ലക്ഷക്കണക്കിന് പ്രവർത്തകരാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പശ്ചിമ ബംഗാളിനെ വികസനത്തിൻ്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സുവേന്ദു അധികാരി പ്രതികരിച്ചു. പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര നേതാക്കളും അദ്ദേഹത്തെ അഭിനന്ദിച്ചു. കാവി വസ്ത്രം അണിഞ്ഞാണ് സുവേന്ദു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞയ്ക്കു മുൻപ് സുവേന്ദുവുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് കനത്ത സുരക്ഷാ മുൻകരുതലുകളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് പുറത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സേനയെ നിയോഗിച്ചിരിക്കുന്നത്.
Key Words : Bengal politics, Suvendu Adhikari, Bengal Chief Minister

COMMENTS