ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെന്ററ...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെന്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.
മൂന്ന് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നിരുന്നു. ഇതിലാണ് വിഴ്ചയുണ്ടായതായി എൻടിഎ സമ്മതിച്ചിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാണ് ശ്രമം നടത്തിയതെങ്കിലും വീഴ്ച വന്നതിൽ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എൻടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു.
മേയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21-ന് പുനഃപരീക്ഷ നടത്തും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു.
Key Words : NEET question paper leak, National Testing Agency

COMMENTS