കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കേസിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ട...
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കേസിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്.
നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിലവിലെ പോലീസ് അന്വേഷണത്തിലുള്ള അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചത്. കേസ് സിബിഐക്ക് വിടാനുള്ള സർക്കാരിന്റെ നീക്കം "രാഷ്ട്രീയ പ്രേരിതമാണ്" എന്ന് കെ.കെ. രാഗേഷ് ആരോപിച്ചു.
മുൻപ് നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും കോടതികൾ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളിലാണ്. ഇഡിയെയും സിബിഐയെയും അമിതമായി വിശ്വസിക്കുന്ന ഇത്തരം പ്രവണതകൾ കേരളീയ സമൂഹം അതീവ ഗൗരവത്തോടെ കാണണമെന്നാണ് രാഗേഷ് പറയുന്നത്.
സിബിഐ അന്വേഷണം വരുന്നതിൽ സിപിഎമ്മിന് യാതൊരുവിധ ആശങ്കയുമില്ല. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം പാർട്ടിയില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കേസിൽ യഥാർത്ഥ നീതി നടപ്പിലാവുകയാണ് വേണ്ടതെന്നും രാഗേഷ് പറയുന്നു.
ഇതോടൊപ്പം തന്നെ, 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി പോലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഫോൺ കോൾ വിവരങ്ങൾ പൂർണ്ണമായി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രത്യേക അന്വേഷണ സംഘം ഭാഗികമായ വിവരങ്ങൾ മാത്രമാണ് നൽകിയത്. ഇത് പൂർണ്ണമായി ലഭ്യമാക്കുന്നതിനെക്കുറിച്ച് കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടിയിട്ടുണ്ട്.
കേസ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.


COMMENTS