തൃശൂർ : മുണ്ടത്തിക്കോട് പതിനേഴ് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക...
തൃശൂർ : മുണ്ടത്തിക്കോട് പതിനേഴ് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ, തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ജൂൺ 16 നുള്ളിൽ വിശദീകരണം നൽകണമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ബോർഡുകൾക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്‌ഫോടനമുണ്ടായത്.
തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കരാറുകാരന്‍ സതീഷ് അടക്കമുള്ള 17 പേരാണ് ദുരന്തത്തിനിരയായത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടിരുന്നു. വെടിക്കെട്ട് ശാല ഉണ്ടായിരുന്ന സ്ഥലത്തിന് അടുത്തുള്ള പാടശേഖരത്തിൽ ചിതറി തെറിച്ച നിലയിൽ ആയിരുന്നു കൊല്ലപ്പെട്ടവരിൽ പലരുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 500 മീറ്റർ അകലെ നിന്നുവരെ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. അപകടത്തിന് പിന്നാലെ ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കായിരുന്നു അന്വേഷണ ചുമതല.
Key Words : Mundathikode Tragedy, High Court, Suo motu case, Devaswom Boards

COMMENTS