കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കർശന നിലപാട് വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി അന...
കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കർശന നിലപാട് വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി അന്തിമമാണെന്നും അത് നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങളും പുനരധിവാസ ചർച്ചകളും ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യപ്പെട്ട രണ്ടാഴ്ചത്തെ സാവകാശം കോടതി അനുവദിച്ചു.
'സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറരുത്'കുടിയൊഴിപ്പിക്കൽ നടപടികളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കരുതെന്ന് കോടതി സർക്കാരിന് താക്കീത് നൽകി. 1984 മുതൽ നിയമപോരാട്ടം നടക്കുന്ന ഭൂമിയാണിത്. ദീർഘകാലത്തെ വ്യവഹാരങ്ങൾക്കൊടുവിൽ വന്ന കോടതി വിധികൾ വെറുമൊരു കടലാസ് കഷ്ണമാക്കാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസ് ടി. ആർ. രവി വ്യക്തമാക്കി. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ തുടരണമെങ്കിൽ നിയമപരമായ അവകാശം ഉണ്ടായിരിക്കണം. അത് തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒഴിഞ്ഞുപോയേ തീരൂ എന്നും കോടതി വ്യക്തമാക്കി.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദ്ദേശപ്രകാരം ആമീനും പൊലീസുമായി ഒഴിപ്പിക്കലിനായി എത്തിയപ്പോൾ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേവും സംഘർഷവും ഉടലെടുത്തിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ച് സർക്കാർ സാവകാശം തേടിയത്. കോടതി സമയം അനുവദിച്ച സാഹചര്യത്തിൽ, ഈ രണ്ടാഴ്ചയ്ക്കുള്ളിൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനും അർഹമായ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിനുമുള്ള ചർച്ചകൾ സർക്കാർ വേഗത്തിലാക്കും. കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
Key Words : Malayodamthuruthu Eviction, Supreme Court Verdict, High Court

COMMENTS