ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ വൻ സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ട ഒമ്പത് പാക് ഭീകരരെ ഡൽഹി പോ...
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ വൻ സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ട ഒമ്പത് പാക് ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെയും (ISI) മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി-കമ്പനി' ശൃംഖലയുടെയും സഹായത്തോടെ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ഭീകരസംഘമാണ് പിടിയിലായത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അതീവ രഹസ്യവും വിപുലവുമായ റെയ്ഡുകളിലാണ് ഇവർ വലയിലായത്. പിടിയിലായ ഭീകരരിൽ നിന്ന് അത്യാധുനിക പാക് നിർമ്മിത ഗ്ലോക്ക് പിസ്റ്റളുകൾ, തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, വൻതോതിൽ സ്ഫോടക വസ്തുക്കൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രം, ഹരിയാന ഹിസാറിലെ സൈനിക ക്യാമ്പ്, ഡൽഹി-സോനിപത് ഹൈവേയിലെ പ്രശസ്തമായ മുർത്താൽ ധാബകൾ എന്നിവയടക്കം വലിയ ജനത്തിരക്കുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
പാകിസ്ഥാനിലിരുന്ന് ഭീകരപ്രവർത്തനം നിയന്ത്രിക്കുന്ന ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായാണ് ഇവർ നേരിട്ട് ബന്ധപ്പെട്ടിരുന്നത്. ലക്ഷ്യമിട്ട സ്ഥലങ്ങളുടെ കൃത്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ഇവർ പാകിസ്ഥാനിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ വലിയ തോതിൽ വർഗീയ സംഘർഷങ്ങളും അസ്ഥിരതയും സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആയുധങ്ങൾ വാങ്ങുന്നതിനുമായി മുംബൈ അധോലോക ശൃംഖലകൾ വഴി ഹവാലാ മാർഗ്ഗത്തിലൂടെയാണ് ഇവർക്ക് വൻതോതിൽ പണം ലഭിച്ചിരുന്നത്.
ഇന്റലിജൻസ് ഏജൻസികളുടെ കൃത്യമായ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് രാജ്യം കണ്ടേക്കാമായിരുന്ന വലിയൊരു ദുരന്തം ഒഴിവാക്കാനായത്. സംഭവത്തെ തുടർന്ന് തലസ്ഥാന നഗരിയിലും മറ്റ് പ്രധാന മെട്രോ നഗരങ്ങളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തെ മറ്റ് സ്ലീപ്പർ സെല്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Key Words : Terrorrist, Arrest

COMMENTS