ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മികച്ച വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മികച്ച വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിലെ വസതിയിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടു.
മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അധ്യക്ഷ സ്ഥാനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ഖാർഗെയെ അറിയിച്ചു. മുൻപും പലതവണ അർഹമായ പദവികളിൽ നിന്ന് തന്നെ മാറ്റിനിർത്തപ്പെട്ടതായി അദ്ദേഹം പരാതിപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ മികച്ച വിജയം ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്കുണ്ടായ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും, അതിനാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള തനിക്ക് പദവി നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായത്. കൊടിക്കുന്നിലിന് പുറമെ മറ്റ് ചില പ്രമുഖ നേതാക്കളുടെ പേരുകളും സജീവമായി ഉയർന്നു വരുന്നുണ്ട്. ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരാണ് പട്ടികയിൽ.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനും മന്ത്രിസഭാ രൂപീകരണത്തിനും ശേഷമായിരിക്കും കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. ഭരണത്തിലേറാൻ തയ്യാറെടുക്കുന്ന യു.ഡി.എഫിൽ അധ്യക്ഷ പദവിക്ക് വേണ്ടിയുള്ള ഈ വടംവലി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
Key Words : Kodikunnil Suresh, KPCC president post

COMMENTS