ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയ...
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നിർണ്ണായക ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, അവസാന നിമിഷം രാഹുൽ ഗാന്ധി നേരിട്ട് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
കേരള നേതാക്കളുമായി നേരിട്ട് സംസാരിച്ച് സമവായത്തിലെത്താനാണ് രാഹുലിന്റെ സാന്നിധ്യം ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുന്ന എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കെ പി സി സി നേതൃത്വത്തിന്റെ പൊതുവികാരം അറിയിക്കുന്നതിനായി സണ്ണി ജോസഫിനെയും ഖർഗെ പ്രത്യേകം വിളിപ്പിച്ചിട്ടുണ്ട്. കെസി ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വിഭാഗത്തിന്റെ അവകാശവാദം. മുന്നണിയിലെ ഘടകകക്ഷികൾ സതീശനെ പിന്തുണയ്ക്കുന്നു എന്നത് അദ്ദേഹത്തിന് അനുകൂലമായ ഘടകമാണ്. തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
നേതാക്കളുടെ വ്യത്യസ്ത അഭിപ്രായങ്ങളും കെ പി സി സി നൽകുന്ന റിപ്പോർട്ടും പരിഗണിച്ച് ഹൈക്കമാൻഡ് ഇന്ന് തന്നെ അന്തിമ തീരുമാനമെടുത്തേക്കും. രാഹുൽ ഗാന്ധി കൂടി എത്തിയതോടെ, തർക്കങ്ങൾ പരിഹരിച്ച് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളം ഏറെ ആകാംക്ഷയോടെയാണ് ഖർഗെയുടെ വസതിയിൽ നിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കുന്നത്.
Key Words : Kerala Chief Minister's post, Rahul Gandhi

COMMENTS