KC Summoned by Rahul; AICC Charter Flight to Arrive at 4 PM; KPCC Meeting Delayed; Sunny Joseph Seeks Governor’s Time; Suspense Continues
ന്യൂഡല്‍ഹി / തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ച നടക്കുന്നതിനിടെ, കെ സി വേണുഗോപാല്‍ കേരളത്തിലേക്കു വരുന്നില്ലെന്നു സൂചന. ഇതോടെ, മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ വേണുഗോപാലിന്റെ സാദ്ധ്യത മങ്ങിയെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
വേണുഗോപാലിനെ ഇന്നു രാവിലെ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ വസതിയിലേക്കു വിളിപ്പിച്ചു. കൂടിക്കാഴ്ച അനുനയിപ്പിക്കാനോ മുഖ്യമന്ത്രി പദം നല്കാനോ എന്നു വ്യക്തമല്ല. പിന്നീട്, പ്രിയങ്കയും വേണുഗോപാലുമായി ചര്‍ച്ച നടത്തി. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം വേണുഗോപാല്‍ ചിരിച്ചുകൊണ്ടാണ് പുറത്തേയ്ക്കു വന്നത്.
ഡല്‍ഹിയില്‍ നിന്നു എ ഐ സി സിയുടെ ചാര്‍ട്ടര്‍ ചെയ്തു വിമാനം തിരുവനന്തപുരത്തേയ്ക്കു വരുന്നുണ്ട്. ഈ വിമാനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം ഡല്‍ഹിയില്‍ നിന്നു പുറപ്പെടുമെന്നാണ് അറിയുന്നത്. നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കന്‍, ദീപാ ദാസ് മുന്‍ഷി, മുകുള്‍ വാസ്‌നിക്ക് തുടങ്ങിയ നേതാക്കളുണ്ട്. കെസി വേണുഗോപാല്‍ ഇവര്‍ക്കൊപ്പം വരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും. തീരുമാനം മുദ്രവച്ച കവറില്‍ കൊണ്ടുവന്ന് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. വിമാനം വൈകുന്നേരം നാലു മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. കെ പി സി സി ആസ്ഥാനത്ത് നിയുക്ത എംഎല്‍എമാരുടെ യോഗം വൈകിയേക്കും.
ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ ഇന്ന് തിരുവനന്തപുരം എത്തും. യോഗത്തില്‍ സംബന്ധിക്കാനുള്ള അസൗകര്യം മുസ്ലിം ലീഗ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. അവരുടെ പിന്തുണക്കത്ത് ഇ മെയില്‍ വഴി അയയ്ക്കും.
ഇതിനിടെ, സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കാണുന്നതിനായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് സമയം തേടി. ഇന്നു പൂര്‍ണമായും രാജ് ഭവനില്‍ ഉണ്ടാകുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്.
കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായി വരണമെന്നു വാശിപിടിക്കുന്ന സണ്ണി ജോസഫ് ഗവര്‍ണറെ കാണാന്‍ സമയം തേടിയതും അഭ്യൂഹം പടര്‍ത്തുന്നു. സാധാരണ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറോട് സമയം തേടാറുള്ളത്. ഇതിനു വിപരീതമായാണ് കെ പി സി സി അദ്ധ്യക്ഷന്‍ സമയം തേടിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎല്‍എമാര്‍ക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒരു മണിയിലേക്ക് മാറ്റി. ഇപ്പോള്‍ ഡല്‍ഹി വിമാനം എത്തിയ ശേഷമായിരക്കും യോഗമെന്ന് അറിയുന്നു.
വി ഡി സതീശന്‍ പുലര്‍ച്ചെ തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്. കുടുംബ സമേതം സതീശന്‍ പുറപ്പെട്ടത് അദ്ദേഹത്തിനു മുഖ്യമന്ത്രിക്കസേര കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.
രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിലാണ്. ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെ രമേശിനെ അനുകൂലിക്കുന്നുവര്‍ അദ്ദേഹത്തിന്റെ വസതിയിലുണ്ട്.
എം.എല്‍.എമാരുടെ പിന്തുണയാണോ അതോ ജനപിന്തുണയാണോ മാനദണ്ഡമാക്കേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Summary: The Congress High Command is likely to make the official announcement regarding the Kerala Chief Minister today. Public dissatisfaction has been brewing as the decision remains pending even ten days after the election results.


COMMENTS