തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് വി.ഐ.പി പാസോടെ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി യ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് വി.ഐ.പി പാസോടെ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പാർട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾക്ക് എങ്ങനെ വി.ഐ.പി പരിഗണന ലഭിച്ചുവെന്ന് പാർട്ടി നേതൃത്വം അന്വേഷിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലുടനീളം പ്രചാരണം നടത്തിയ ജ്യോതി വിജയകുമാറിനെപ്പോലുള്ള നേതാക്കളെ പോലീസ് തടഞ്ഞപ്പോഴാണ്, യു.ഡി.എഫിന്റെ പല എം.എ.എൽമാർക്കും എത്താൻ കഴിയാതിരുന്ന പ്രധാന വേദിയിൽ റിനി ആൻ ജോർജ് എത്തിയതെന്ന് വിജിൽ ആരോപിച്ചു. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം അവർ ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ടര ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകർ എത്തിയിട്ടും പലർക്കും പന്തലിനകത്തോ സ്റ്റേഡിയത്തിലോ കയറാൻ കഴിഞ്ഞിരുന്നില്ല.
ഇത്തരം 'അവതാരങ്ങളെ' പാർട്ടി നേതൃത്വം കരുതിയിരിക്കണമെന്ന് വിജിൽ മോഹനൻ മുന്നറിയിപ്പ് നൽകി. ഇത് മുഖ്യമന്ത്രി വി.ഡി. സതീശനോ മറ്റു മന്ത്രിമാരോ അറിഞ്ഞു ചെയ്തതാകാൻ വഴിയില്ലെന്നും, ഏതെങ്കിലും ഓഫീസിലിരിക്കുന്ന ആരെങ്കിലും ഒപ്പിച്ചു നൽകിയ പാസാകാമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സ്വപ്നയും സരിതയും ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുണ്ടാക്കിയപ്പോൾ രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചത് കോൺഗ്രസ് മറക്കരുത്. നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയ ചരിത്രം ഓർക്കണമെന്നും വിജിൽ കൂട്ടിച്ചേർത്തു.
പറവൂരിൽ വി.ഡി. സതീശനെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച കോൺഗ്രസ് വിരുദ്ധ സ്ത്രീകളുടെ യോഗത്തിൽ റിനി പങ്കെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ റിനി ആൻ ജോർജ് മുൻപ് ഉന്നയിച്ച അശ്ലീല സന്ദേശ വിവാദവും കേസുകളുമാണ് ഈ തർക്കങ്ങൾക്ക് പിന്നിൽ. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് റിനി പോസ്റ്റിട്ടിരുന്നു. തുടർന്ന് സത്യപ്രതിജ്ഞാ വേദിയിലെത്തിയ റിനിയെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ കൂവിവിളിക്കുകയും ചെയ്തു.എന്നാൽ, തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്ക് കോൺഗ്രസുമായി ബന്ധമില്ലെന്നും, താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ വന്ന 'അവതാരം' തന്നെയാണെന്നും റിനി ആൻ ജോർജ് ഇതിനോട് പ്രതികരിച്ചു.
Key Words : Youth Congress, Vigil Mohanan, Rini Ann George

COMMENTS