ബീജിങ്: വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. ആദ്യ റിപ്പോർട്ടുകളിൽ നാല് മരണ...
ബീജിങ്: വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. ആദ്യ റിപ്പോർട്ടുകളിൽ നാല് മരണമാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മരണസംഖ്യ ഉയരുകയായിരുന്നു. അപകടത്തെ തുടർന്ന് 38 തൊഴിലാളികൾ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ചൈനീസ് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷാൻക്സി പ്രവിശ്യയിലെ ചാങ്‌സി സിറ്റിയിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിൽ വെള്ളിയാഴ്ച രാത്രി 7:30 ഓടെയാണ് ദുരന്തമുണ്ടായത്. ഖനിക്കുള്ളിൽ വിഷവാതകമായ കാർബൺ മോണോക്സൈഡിൻ്റെ അളവ് പരിധിയിലധികം ഉയർന്നതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. ഇതിൽ 201 പേരെ ശനിയാഴ്ച പുലർച്ചെയോടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.
ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം ബാക്കിയുള്ളവരെ കണ്ടെത്താനായി ദുരന്തനിവാരണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തീവ്രമായ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ചൈനീസ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Key Words : Gas Explosion, Coal Mine Tragedy, Northern China

COMMENTS