ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവിന് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ അടുത്ത രണ്ട് ദിവസത്തി...
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവിന് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലിറ്ററിന് 5 മുതൽ 10 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരാവസ്ഥയെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ എത്തിയതാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ വലിയ മാറ്റങ്ങളില്ലാതിരുന്നതിനാൽ എണ്ണക്കമ്പനികൾ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. നിലവിൽ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് 18 രൂപയും നഷ്ടം സഹിച്ചാണ് കമ്പനികൾ വിൽപന നടത്തുന്നത്. പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ ബാധ്യതയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ കമ്പനികൾ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.
പാചകവാതകത്തിനും വില കൂടാം
ഇന്ധനവിലയ്‌ക്കൊപ്പം ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി (LPG) സിലിണ്ടറുകൾക്കും 50 രൂപ വരെ വർധിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ, മെയ് 15-ഓടെ എണ്ണക്കമ്പനികൾ വില പുതുക്കി നിശ്ചയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വില വർധനവ് നടപ്പിലായാൽ അത് രാജ്യത്തെ ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പൊതുജനം.

COMMENTS