ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ കന്നിപ്രസംഗം. ഭരണപക്ഷത്തുള്ള മു...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ കന്നിപ്രസംഗം. ഭരണപക്ഷത്തുള്ള മുഖ്യമന്ത്രി സി. ജോസഫ് വിജയുമായുള്ള വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയമായ വിയോജിപ്പുകളും സമന്വയിപ്പിച്ചായിരുന്നു ഉദയനിധിയുടെ പ്രസംഗം.
മുഖ്യമന്ത്രി വിജയും താനും ഒരേ കോളേജിൽ പഠിച്ചവരാണെന്ന് ഉദയനിധി സഭയെ ഓർമ്മിപ്പിച്ചു. വ്യക്തിപരമായ ഈ ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ, ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണത്തിൽ വിജയ് പുതിയ ആളാണെങ്കിലും പ്രതിപക്ഷ നിരയിലിരിക്കുന്ന ഡി.എം.കെ. രാഷ്ട്രീയത്തിലും ഭരണത്തിലും 'സീനിയർ' ആണെന്ന് ഉദയനിധി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകാൻ തങ്ങൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് ഗീതമായ 'തമിഴ് തായ് വാഴ്ത്തിനേക്കാൾ' വന്ദേമാതരത്തിന് മുൻഗണന നൽകിയതിനെ ഉദയനിധി രൂക്ഷമായി വിമർശിച്ചു. തമിഴ് സംസ്‌കാരത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളാൻ അനുവദിക്കില്ലെന്ന് അദ്ദേഹം താക്കീത് നൽകി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം ഇല്ലാതാക്കണമെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം സഭയിൽ ആവർത്തിച്ചു. ഒരു ആശയമെന്ന നിലയിൽ അതിനെ തുടച്ചുനീക്കണമെന്ന പരാമർശം സഭയിൽ വലിയ ചർച്ചയായി.
വെറുമൊരു എതിർപ്പുകാരനായിട്ടല്ല, മറിച്ച് ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുന്ന ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാവായിട്ടായിരിക്കും താൻ സഭയിൽ പ്രവർത്തിക്കുകയെന്ന് അദ്ദേഹം ഉറപ്പുനൽകി. തിരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ, 59 സീറ്റുകൾ നേടിയ ഡി.എം.കെ പ്രതിപക്ഷ സ്ഥാനത്തേക്ക് മാറിയിരുന്നു.
Key Words : Opposition leader Udhayanidhi, TVK, Vijay

COMMENTS