തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട്, 59 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഭര...
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട്, 59 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സി.പി.എം മാറി. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) പരാജയപ്പെട്ടതോടെയാണ് രാജ്യത്തെ അവസാനത്തെ ചുവപ്പുക്കോട്ടയും തകർന്നത്.
പാർട്ടിയുടെ രൂപീകരണത്തിന് ശേഷം 1977 മുതൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലുണ്ടായിരുന്നു. എന്നാൽ കേരളത്തിലെ ഭരണവിരുദ്ധ വികാരവും അപ്രതീക്ഷിത തിരിച്ചടികളും ഈ ചരിത്രത്തിന് അന്ത്യം കുറിച്ചു.
ബംഗാളിലും (2011) ത്രിപുരയിലും (2018) അധികാരം നഷ്ടപ്പെട്ട ശേഷം സി.പി.എം അധികാരത്തിലിരുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. കേരളത്തിലെ തോൽവിയോടെ രാജ്യത്ത് നിലവിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്ലാത്ത സാഹചര്യം വന്നു.
പാർട്ടിയുടെ ഏറ്റവും ശക്തമായ തട്ടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിൽ പോലും ഇത്തവണ കനത്ത തിരിച്ചടിയാണ് സി.പി.എം നേരിട്ടത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ ഉറച്ച സീറ്റുകൾ വരെ നഷ്ടപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചുവപ്പ് പടർത്തിയ ഭരണാധികാരത്തിനാണ് ഇതോടെ വിരാമമായത്. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രസക്തിയെയും സ്വാധീനത്തെയും ഈ പരാജയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഭരണവിരുദ്ധ തരംഗത്തിനൊപ്പം പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ വന്ന വിള്ളലുകളും അണികൾക്കിടയിലെ അതൃപ്തിയുമാണ് ഈ ചരിത്ര പരാജയത്തിന് കാരണമെന്ന് പ്രാഥമിക വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
Key Words : Kerala Election Result, CPM

COMMENTS