മലപ്പുറം: തിരൂരങ്ങാടിയിൽ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. ഇ...
മലപ്പുറം: തിരൂരങ്ങാടിയിൽ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ ഒരേസമയം മിന്നൽ പരിശോധന നടത്തി.
കഴിഞ്ഞ ഫെബ്രുവരി 7-നാണ് മലപ്പുറം തിരൂരങ്ങാടി ചെമ്മാട്ടുള്ള ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിൽ വെച്ച് സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. 448 ബോക്സുകളിലായി 89,600 ജലാറ്റിൻ സ്റ്റിക്കുകളും, 35 ബോക്സുകളിലായി 10,600 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടുത്തിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറിയത്.കേസുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും പ്രതിയുടെ വണ്ടൂരിലുള്ള വീട്ടിലും എൻഐഎ സംഘം വിശദമായ പരിശോധന നടത്തി.
കോഴിക്കോട് മുക്കം സ്വദേശിയും കേസിലെ പ്രധാന പ്രതിയുമായ ഹാരിസിന്റെ വീട്ടിലും ഇയാൾക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.കാസർകോട് ചിറ്റാരിക്കാൽ കടുമേനി സ്വദേശി സജിയുടെ വീട്ടിലും ക്വാറിയിലുമായിരുന്നു പരിശോധന. ഇതേ പ്രദേശത്തെ ജോർജ് എന്നയാളുടെ വീട്ടിൽ നിന്ന് അഞ്ചുവർഷത്തോളം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ എൻഐഎ സംഘം കണ്ടെടുത്തു.
കണ്ണൂർ ചെറുപുഴ ചുണ്ടയിലെ അനിൽകുമാറിന്റെ വീട്ടിലും, സ്ഫോടകവസ്തുക്കളുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ചില കേന്ദ്രങ്ങളിലും പരിശോധനകൾ നടന്നു.കർണാടകയിലെ ബിജാപൂരിൽ നിന്നാണ് ഇത്രയും വലിയ തോതിൽ സ്‌ഫോടകവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അനധികൃത ക്വാറി ആവശ്യങ്ങൾക്കാണോ അതോ മറ്റെന്തെങ്കിലും വിനാശകരമായ ലക്ഷ്യങ്ങളോടെയാണോ ഇവ കടത്തിയതെന്ന കാര്യമാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.
Key Words : NIA, Raid

COMMENTS