തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വിലയിരുത്തി സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ വിദഗ്ധ സമിതിയ...
തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വിലയിരുത്തി സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ വിദഗ്ധ സമിതിയെ നിയമിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമിതിക്ക് അന്തിമ രൂപം നൽകിയത്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് സമിതിയുടെ കൺവീനർ. പ്രമുഖ സാമ്പത്തിക വിദഗ്ധനും ജിഫ്റ്റ് മുൻ ഡയറക്ടറുമായ ഡോ. ഡി. നാരായണ, സി.ഡി.എസ് ഡയറക്ടർ ഡോ. സി. വീരമണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നിയമിക്കപ്പെട്ട സമിതി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ്. മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത്. അധികാരമേറ്റയുടൻ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നടപടി.
സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം സാമ്പത്തിക ബാധ്യതകൾ, വിവിധ ചെലവുകൾ, റവന്യൂ വരുമാനത്തിലെ ട്രെൻഡുകൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്തുന്നതിനൊപ്പം, വരും വർഷങ്ങളിൽ പുതിയ സർക്കാരിന് മുന്നോട്ട് പോകാനുള്ള വ്യക്തമായ ധനനയ രൂപരേഖ തയ്യാറാക്കാനും ഈ റിപ്പോർട്ട് സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Key Words : Expert committee, Dr. K.M. Chandrasekhar , White Paper

COMMENTS