ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ, ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ച...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ, ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി (IAFS-IV) താൽക്കാലികമായി മാറ്റിവെച്ചു. മേയ് 28 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഇരുപക്ഷവും ചേർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചത്.
ആഫ്രിക്കയിലെ നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത്, ഇന്ത്യൻ സർക്കാരും ആഫ്രിക്കൻ യൂണിയൻ നേതൃത്വവും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് (ICWA) നടത്താനിരുന്ന പരിപാടികളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. എബോളയുടെ അപൂർവ വകഭേദമായ 'ബുണ്ടിബുഗ്യോ' ആണ് ഇപ്പോൾ പടരുന്നത്. ഇതിന് നിലവിൽ കൃത്യമായ വാക്സിനുകളോ പ്രതിരോധ ചികിത്സകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
Key Words : Ebola Outbreak, India-African Union summit

COMMENTS