വല്ലപ്പോഴും മാത്രം സംഭവിക്കുന്ന തിയറ്റർ പൂരങ്ങൾക്ക് വീണ്ടും സാക്ഷ്യം വഹിച്ച് മലയാള സിനിമാ വ്യവസായം. പോസിറ്റീവ് റിവ്യൂകൾ വന്നാൽ മോഹൻലാൽ ചിത്ര...
വല്ലപ്പോഴും മാത്രം സംഭവിക്കുന്ന തിയറ്റർ പൂരങ്ങൾക്ക് വീണ്ടും സാക്ഷ്യം വഹിച്ച് മലയാള സിനിമാ വ്യവസായം. പോസിറ്റീവ് റിവ്യൂകൾ വന്നാൽ മോഹൻലാൽ ചിത്രങ്ങൾ തിയറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന സിനിമാ ലോകത്തെ പഴയ പ്രസ്താവന അക്ഷരംപ്രതി ശരിവെക്കുകയാണ് 'ദൃശ്യം 3'. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിലൂടെ തിയറ്ററുകളിൽ വൻ ജനസാഗരമാണ് തീർക്കുന്നത്.
മേയ് 21-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ ചരിത്രപരമായ റെക്കോർഡുകളാണ് കുറിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മാത്രം ആദ്യദിനം 48 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈഷോയിലൂടെ ആദ്യ 24 മണിക്കൂറിനുള്ളിൽ 5.87 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കപ്പെടുന്ന മലയാള ചിത്രം എന്ന റെക്കോർഡും ജോർജുകുട്ടിയും കുടുംബവും സ്വന്തമാക്കി.
ജീത്തു ജോസഫിന്റെ സംവിധാന മികവിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ അനിൽ എന്നിവർക്കൊപ്പം സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നു.
കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ഒരേപോലെ ആകർഷിക്കുന്ന അതിശയിപ്പിക്കുന്ന ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നിയമത്തിന്റെ കണ്ണുവെട്ടിച്ച് കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി നടത്തുന്ന മൂന്നാമത്തെ മാസ്റ്റർ സ്ട്രോക്ക് തിയറ്ററുകളിൽ കയ്യടികളോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം തരംഗം സൃഷ്ടിക്കുകയാണ്. തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷം ആമസോൺ പ്രൈം വീഡിയോയിലൂടെയാകും ചിത്രം ഒടിടിയിൽ ലഭ്യമാവുക.
Key Words : Drishyam 3

COMMENTS