ന്യൂഡൽഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണായക വിധി. പേവിഷബാധയേറ്റത...
ന്യൂഡൽഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണായക വിധി. പേവിഷബാധയേറ്റതോ, തീരാരോഗം ബാധിച്ചതോ, കടുത്ത രീതിയിൽ മനുഷ്യരെ ആക്രമിക്കുന്നതോ ആയ തെരുവുനായ്ക്കളെ നിയമപരമായ പ്രോട്ടോക്കോൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കാമെന്ന് കോടതി ഉത്തരവിട്ടു. മൃഗസ്നേഹികളും വിവിധ എൻ.ജി.ഓകളും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻ്റെ ഈ സുപ്രധാന വിധി.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം തെരുവുനായ്ക്കളുടെ അവകാശത്തേക്കാൾ വലുതാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളും പ്രായമായവരും നിരന്തരം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുമ്പോൾ സർക്കാരുകൾക്ക് നിഷ്ക്രിയരായി നോക്കിനിൽക്കാനാകില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ ജനത്തിരക്കേറിയ പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള അനിമൽ ബർത്ത് കൺട്രോൾ (ABC) സെൻ്ററുകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കോടതിയുടെ മുൻ ഉത്തരവുകൾ കർശനമായി പാലിക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കും. അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ കോടതി, തെരുവുനായ വിഷയത്തിൽ അടിയന്തരവും ശക്തവുമായ നടപടികൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Key Words : Stray Dogs, Supreme Court

COMMENTS