തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സി.പി.എം - സി.പി.ഐ തർക്കം രൂക്ഷമായതോടെ എൽ.ഡി.എഫിൽ അസാധാരണ പ്രതിസന്ധി. തിര...
തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സി.പി.എം - സി.പി.ഐ തർക്കം രൂക്ഷമായതോടെ എൽ.ഡി.എഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന് സഭ സമ്മേളിച്ചിട്ടും മുന്നണിയുടെ സംയുക്ത നിയമസഭാ കക്ഷിയോഗം ഇതുവരെ വിളിച്ചുചേർക്കാൻ സാധിച്ചിട്ടില്ല. പദവിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കപ്പെടാത്തതിനാലാണ് യോഗം വിളിക്കാൻ സി.പി.എം മടിക്കുന്നത്.മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങൾക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നൽകണമെന്നാണ് സി.പി.ഐയുടെ ശക്തമായ ആവശ്യം.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുന്നണിയിൽ തിരുത്തലുകൾ വേണമെന്നും അർഹമായ പരിഗണന നൽകണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.എന്നാൽ, പ്രതിപക്ഷ ഉപനേതാവ് പദവി എന്നത് കേവലം രാഷ്ട്രീയ കീഴ്വഴക്കം മാത്രമാണെന്നും അത് വിട്ടുകൊടുക്കാൻ കഴിയില്ലെന്നുമാണ് സി.പി.എം നിലപാട്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ച സാഹചര്യത്തിൽ, ഉപനേതൃസ്ഥാനത്തേക്ക് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ നിയോഗിക്കാനാണ് സി.പി.എം തീരുമാനം. നിലവിൽ സഭയിൽ പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിൽ ബാലഗോപാലാണ് ഇരിക്കുന്നത്.
മുന്നണിയിൽ ആലോചിക്കാതെ ഏകപക്ഷീയമായി പദവികൾ നിശ്ചയിക്കുന്നതിനെതിരെ സി.പി.ഐ രംഗത്തുവന്നതോടെയാണ് ഉഭയകക്ഷി ചർച്ചകളിലേക്ക് കാര്യങ്ങൾ നീങ്ങിയത്. തർക്കം പരിഹരിക്കാതെ സംയുക്ത യോഗം ചേർന്നാൽ അത് കൂടുതൽ പരസ്യമായ ഭിന്നതയ്ക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇരുപാർട്ടികളും താഴെത്തട്ടിൽ അവലോകനങ്ങൾ നടത്തുന്നതിനിടയിലാണ് നിയമസഭയ്ക്കുള്ളിലെ പദവികളെച്ചൊല്ലിയുള്ള ഈ പുതിയ പോര് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്.
Key Words : LDF, Dispute, Deputy Leader of the Opposition, Legislative Party meeting

COMMENTS