ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ സ്ഥാനത്തുനിന്ന് നീക്കാൻ നീക്കം നട...
ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ സ്ഥാനത്തുനിന്ന് നീക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറുമാണ് അറാഗ്ചിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് പകരം, ഇറാനിലെ റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ അഹമ്മദ് വാഹിദിയുടെ നിർദ്ദേശങ്ങളാണ് അറാഗ്ചി പിന്തുടരുന്നതെന്നാണ് പ്രധാന ആരോപണം. യുഎസുമായുള്ള ചർച്ചകളിൽ പ്രസിഡന്റിനെയും സ്പീക്കറെയും അവഗണിച്ചുകൊണ്ട് അദ്ദേഹം സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ഭരണനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.പ്രത്യേകിച്ച് ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ അറാഗ്ചി പുലർത്തുന്ന നിലപാടുകൾ ഭരണകൂടത്തിനുള്ളിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
ഈ രീതി തുടരുകയാണെങ്കിൽ അറാഗ്ചിയെ ഉടൻ തന്നെ പുറത്താക്കുമെന്ന് പ്രസിഡന്റ് പെസെഷ്കിയാൻ തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചതായാണ് സൂചന. എന്നാൽ ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അറാഗ്ചി അടുത്തിടെ വിവിധ രാജ്യങ്ങളിൽ നയതന്ത്ര സന്ദർശനം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ആഭ്യന്തര കലഹം രൂക്ഷമായെന്ന വാർത്തകൾ പുറത്തുവരുന്നത്.
Key Words : US, Iranian Foreign Minister, Abbas Araghchi

COMMENTS