ന്യൂഡൽഹി/ബെംഗളൂരു: കർണാടക കോൺഗ്രസിൽ വലിയ രാഷ്ട്രീയ അഴിച്ചുപണികൾക്ക് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കുമെന്ന് റിപ്പ...
ന്യൂഡൽഹി/ബെംഗളൂരു: കർണാടക കോൺഗ്രസിൽ വലിയ രാഷ്ട്രീയ അഴിച്ചുപണികൾക്ക് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ അടുത്ത കർണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകൾ. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നേതൃത്വം ആവശ്യപ്പെട്ടത്.
2023-ൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച സമയത്ത് ഇരുനേതാക്കളും തമ്മിൽ രണ്ടര വർഷത്തെ അധികാര പങ്കുവെക്കൽ കരാറുണ്ടായിരുന്നു. ഈ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ശക്തമാക്കിയത്. വരാനിരിക്കുന്ന 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പാർട്ടിയെ കൂടുതൽ സജീവമാക്കാൻ ശിവകുമാറിൻ്റെ അഗ്രസീവ് രാഷ്ട്രീയ ശൈലി ഉപകരിക്കുമെന്നാണ് എ.ഐ.സി.സി വിലയിരുത്തൽ.
സിദ്ധരാമയ്യക്ക് 'മെഗാ ഓഫർ'മുഖ്യമന്ത്രി പദവി ഒഴിഞ്ഞെങ്കിലും സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് ഹൈക്കമാൻഡ് പദ്ധതി. ഇതിനായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ഒപ്പം പാർട്ടിയിൽ മറ്റ് സുപ്രധാന ദേശീയ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് സിദ്ധരാമയ്യക്ക് താല്പര്യമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയോടെ സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Key Words : Karnataka, Siddaramaiah , D.K. Shivakumar, CM

COMMENTS