തിരുവനന്തപുരം/ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമ...
തിരുവനന്തപുരം/ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാകുന്നു. സി.എം.ആർ.എൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട് ഉൾപ്പെടെ സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരേസമയം റെയ്ഡ് നടത്തി.
ഇഡി നടപടിക്കെതിരെ രാജ്യതലസ്ഥാനത്തും സി.പി.ഐ.എം ശക്തമായ പ്രതിഷേധമുയർത്തി. ഡൽഹിയിലെ ഇഡി ഓഫീസിലേക്ക് പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 'ഇതുകൊണ്ടൊന്നും പാർട്ടിയെ ഭയപ്പെടുത്താൻ കഴിയില്ലെ'ന്നും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് എം.എ. ബേബി പ്രതികരിച്ചു.
രാവിലെ 6 മണിയോടെ കനത്ത കേന്ദ്ര സുരക്ഷാ സേനയുടെ കാവലിൽ ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടുനിന്നു. റെയ്ഡ് പൂർത്തിയായതിന് പിന്നാലെ വീടിന് പുറത്ത് സി.പി.ഐ.എം പ്രവർത്തകരും പോലീസും തമ്മിൽ വൻ സംഘർഷമാണുണ്ടായത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രവർത്തകർ തെരുവിലിറങ്ങി.
അന്വേഷണം മകളുടെ ഐടി കമ്പനിയെ കേന്ദ്രീകരിച്ച്കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ 'എക്സാലോജിക് സൊല്യൂഷൻസ്' നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇതേ കേസിൽ കോഴിക്കോട്ടുള്ള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വസതിയിലും സി.എം.ആർ.എല്ലിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും ഇഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇഡി സമൻസിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ റെയ്ഡ് നടപടികൾ അരങ്ങേറിയത്.
Key Words : MA Baby, Pinarayi Vijayan, ED Raid

COMMENTS