തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ തേടി സി.പി.ഐ ജില്ലാതല അവലോകന യോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ട...
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ തേടി സി.പി.ഐ ജില്ലാതല അവലോകന യോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ യോഗം.
മത്സരിച്ച 25 സീറ്റുകളിൽ എട്ടിടത്ത് മാത്രം വിജയിക്കാനായ സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വത്തിനെതിരെ യോഗങ്ങളിൽ രൂക്ഷവിമർശനം ഉയരാനാണ് സാധ്യത. അടിത്തട്ടിലെ വികാരം ഉൾക്കൊള്ളാതെ സംസ്ഥാന നേതൃത്വം സ്വീകരിച്ച പല നിലപാടുകളുമാണ് തിരിച്ചടിക്ക് കാരണമായതെന്ന ആക്ഷേപം പാർട്ടിയിൽ ശക്തമാണ്.
പാർട്ടിക്ക് സ്വതന്ത്രമായ അസ്തിത്വം നഷ്ടപ്പെട്ടെന്നും സി.പി.എമ്മിന് കീഴടങ്ങുന്ന സമീപനം തിരിച്ചടിയായെന്നും വിമർശനമുണ്ട്. സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചയെ കുറിച്ചും ചർച്ചകൾ നടത്തും.
ചില മണ്ഡലങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ താൽപ്പര്യപ്രകാരം അടിച്ചേൽപ്പിച്ച സ്ഥാനാർഥികൾ പരാജയത്തിന് ആക്കം കൂട്ടിയതിനെ കുറിച്ചും ചർച്ച ചെയ്യും.
എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ അവരെ തടയാൻ നേതൃത്വം ക്രിയാത്മകമായി ഇടപെട്ടില്ലെന്ന പരാതിയും യോഗത്തിൽ ഉയരും. പാർട്ടിക്ക് ഉറച്ച സ്വാധീനമുണ്ടായിരുന്ന വൈക്കം, ചാത്തന്നൂർ, ചടയമംഗലം, തൃശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ തോൽവി ഗൗരവകരമായി പരിശോധിക്കും. എൽ.ഡി.എഫിലെ 13 മന്ത്രിമാർ പരാജയപ്പെട്ട സാഹചര്യത്തിലും സി.പി.ഐയുടെ നാലിൽ മൂന്ന് മന്ത്രിമാരും വിജയിച്ചത് ആശ്വാസകരമാണ്
എന്നാൽ, ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയേറ്റ അപ്രതീക്ഷിത പരാജയം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിമാറും. 15 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് പാർട്ടി എക്സിക്യൂട്ടിവ് കണക്കുകൂട്ടിയിരുന്നെങ്കിലും ഫലം വന്നപ്പോൾ അത് എട്ടിലൊതുങ്ങി. കാഞ്ഞങ്ങാട്, പട്ടാമ്പി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ചേർത്തല, പുനലൂർ, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. കരുനാഗപ്പള്ളി, അടൂർ, ഹരിപ്പാട്, മൂവാറ്റുപുഴ തുടങ്ങി സി.പി.ഐക്ക് മുൻതൂക്കമുണ്ടായിരുന്ന ഇടങ്ങളിൽ പോലും കാലിടറി.
തിരുത്തലുകൾ തുടങ്ങേണ്ടത് മുകൾത്തട്ടിൽ നിന്നാണ് എന്ന നിലപാടിലാകും ജില്ലാ കൗൺസിലുകളിലെ ഭൂരിഭാഗം അംഗങ്ങളും. ജില്ലാതല വിലയിരുത്തലുകൾ പൂർത്തിയാക്കി ജൂൺ എട്ടിന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഈ യോഗങ്ങളിൽ പരിഗണനയ്ക്ക് വരും.
Key Words : Assembly election, Binoy Viswam, CPI, Meeting

COMMENTS