തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. ഭരണവിരുദ്ധ വികാരമില്ലെ...
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. ഭരണവിരുദ്ധ വികാരമില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും അത് തള്ളിയാണ് കേന്ദ്ര കമ്മിറ്റി ഈ നിലപാടിലെത്തിയത്. തോൽവിയിലെ സംഘടനാപരമായ വീഴ്ചകൾ പരിഹരിക്കാൻ സംസ്ഥാനഘടകത്തിന് യോഗത്തിൽ നിർദേശം നൽകി.
അടുത്തമാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയാറാക്കും. അടിത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കീഴ്ഘടകങ്ങളിലെ പൾസ് നേതൃത്വം അറിയുന്നില്ലെന്നും വിമർശനമുയർന്നു
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ കടുത്ത വിമർശനങ്ങളാണ് ജില്ലാ, ഏരിയാ നേതൃയോഗങ്ങളിൽ ഉയരുന്നത്.കേരളത്തിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. തോൽവി വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെയാണ് അവസാനിച്ചത്.
വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ചർച്ചയ്ക്ക് ശേഷം ശനിയാഴ്ച രാത്രി പോളിറ്റ്ബ്യറോ ചേർന്ന് മറുപടി തയാറാക്കി ഇന്നലെ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Key Words : Pinarayi Vijayan, CPM

COMMENTS