തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും സിപിഎമ്മിനുമേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ...
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും സിപിഎമ്മിനുമേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫിന് സംഭവിച്ചത് അനർഹമായ പരാജയമാണെന്നും എന്നാൽ ജനവിധി മാനിച്ചുതന്നെ തെറ്റുകൾ ആർജ്ജവത്തോടെ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സമഗ്രമായ വികസന പ്രവർത്തനങ്ങൾ എതിരാളികൾ പോലും അംഗീകരിക്കുന്നതാണെന്ന് സ്വരാജ് പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ നാടിന്റെ ഭാവിയോ ജനങ്ങളെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളോ വോട്ടർമാർ പരിഗണിച്ചില്ലെന്നാണ് തോന്നുന്നത്. "രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ" എന്ന അരാഷ്ട്രീയ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും ജനങ്ങൾ പൊറുക്കാത്തതിൽ തെറ്റില്ലെന്നും സ്വരാജ് വ്യക്തമാക്കി. "ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്താൻ ഇടതുപക്ഷം തയ്യാറാകും. കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയങ്ങളിലേക്ക് പറന്നുയർന്ന ചരിത്രമാണ് പാർട്ടിക്കുള്ളത്. തോൽവിയിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. കൊടുങ്കാറ്റുപോലെ തിരികെ വരുമെന്നും" അദ്ദേഹം തന്റെ കുറിപ്പിലൂടെ ഉറപ്പിച്ചു പറഞ്ഞു.
Key Words : M Swaraj , LDF , CPIM , KeralaPolitics, Kerala Election Results

COMMENTS