ബെംഗളൂരു: ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം റൺവേയ...
ബെംഗളൂരു: ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം റൺവേയിൽ ഇടിച്ചു. വ്യാഴാഴ്ച നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 179 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡൽഹിയിൽ നിന്നും സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2651 (എയർബസ് A321) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മുന്നിൽ പോയ മറ്റൊരു വിമാനം മൂലമുണ്ടായ ശക്തമായ വായുപ്രതിഭാസം കാരണം വിമാനത്തിന്റെ നിയന്ത്രണത്തിൽ നേരിയ വ്യതിയാനം സംഭവിച്ചതാണ് വാലറ്റം നിലത്തുതട്ടാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അപകടത്തെ തുടർന്ന് വിമാനത്തിലെ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി. ലാൻഡിങ്ങിന് ശേഷം വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ ഘടനപരമായ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിമാനം വിശദമായ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്.
വിമാനം മാറ്റിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്ക സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ഇതിലെ യാത്രക്കാർക്കായി എയർ ഇന്ത്യ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Air India, Tail Strike

COMMENTS