ന്യൂഡൽഹി: ആഗോള വ്യോമയാന മേഖലയെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ...
ന്യൂഡൽഹി: ആഗോള വ്യോമയാന മേഖലയെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഒരുങ്ങുന്നു. അപകടത്തിന്റെ ഒന്നാം വാർഷികമായ ജൂൺ 12-ന് മുന്നോടിയായി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം (ഫ്ലൈറ്റ് AI171) ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്നുവീണത്. ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് പതിച്ച വിമാനത്തിലുണ്ടായിരുന്ന 240 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഭൂമിയിലുണ്ടായിരുന്ന 19 പേരും ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൊത്തം 260 പേരുടെ ജീവനാണ് ദുരന്തം കവർന്നത്.
ദുരന്തത്തിന് പിന്നിൽ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണെന്ന സൂചനകളാണ് നേരത്തെ പുറത്തുവന്ന കോക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) വിവരങ്ങൾ വ്യക്തമാക്കുന്നത്.
ടേക്ക് ഓഫ് ചെയ്ത് വെറും 32 സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം തടസ്സപ്പെടുത്തുന്ന 'ഫ്യുവൽ കട്ട് ഓഫ്' (Fuel Cutoff) സ്വിച്ചുകൾ ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
എൻജിൻ ഓഫായതിന് തൊട്ടുപിന്നാലെ പൈലറ്റുമാർ തമ്മിൽ കോക്പിറ്റിൽ തർക്കമുണ്ടായതായി വോയ്‌സ് റെക്കോർഡിലുണ്ട്. "നീ എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്?" എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോൾ, "ഞാൻ അത് ചെയ്തില്ല" എന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകുന്ന അതീവ വിചിത്രമായ സംഭാഷണമാണ് റെക്കോർഡറിലുള്ളത്.
വിമാനത്തിന് യാന്ത്രികമായോ മറ്റ് സാങ്കേതികപരമായോ ഉള്ള തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ച വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്.എൻജിൻ ഓഫാകാൻ ഇടയാക്കിയ സാഹചര്യം പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ മനഃപൂർവ്വമായ വീഴ്ചയാണോ അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിത കാരണങ്ങളാണോ എന്നതിൽ വ്യക്തത വരുത്തുന്നതാകും എഎഐബി (AAIB) ഇപ്പോൾ തയ്യാറാക്കുന്ന റിപ്പോർട്ട്. ദുരന്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് വ്യോമയാന ലോകം.
Key Words : Ahmedabad Air India plane crash, Air India

COMMENTS