ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്ന് പുതിയൊരു സമുദ്രം രൂപംകൊള്ളുന്ന പ്രക്രിയ ശാസ്ത്രലോകം നേരത്തെ കരുതിയതിലും അതിവേഗത്തിൽ നടക്കുന്നുവെന്ന് പുതി...
ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്ന് പുതിയൊരു സമുദ്രം രൂപംകൊള്ളുന്ന പ്രക്രിയ ശാസ്ത്രലോകം നേരത്തെ കരുതിയതിലും അതിവേഗത്തിൽ നടക്കുന്നുവെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കെനിയയിലെയും എത്യോപ്യയിലെയും തുർക്കാന റിഫ്റ്റ് സോണിൽ നടത്തിയ ഗവേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കൊളംബിയ സർവകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റ്യൻ റോവൻ നയിച്ച സംഘം പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ്' ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഭൂഖണ്ഡങ്ങൾ എങ്ങനെ പിളരുന്നു എന്നതിനെക്കുറിച്ചുള്ള മുൻധാരണകളെ തിരുത്തുന്നതാണ് ഈ കണ്ടെത്തൽ. തുർക്കാന മേഖലയിൽ ഭൂവൽക്കത്തിന്റെ (Crust) കനം വെറും 13 കിലോമീറ്ററായി കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.
സാധാരണ നിലയിൽ ഇത് 35 കിലോമീറ്ററിലധികം വരാറുണ്ട്. ഭൂവൽക്കത്തിന്റെ കനം 15 കിലോമീറ്ററിൽ താഴെയെത്തുന്നത് ഭൂഖണ്ഡം പിളരുന്നതിന്റെ നിർണ്ണായകമായ 'നെക്കിംഗ്' (Necking) എന്ന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.ഈ ഘട്ടത്തിൽ പിളർപ്പിന്റെ വേഗത വർദ്ധിക്കുകയും സമുദ്ര രൂപീകരണത്തിന് വഴിയൊരുങ്ങുകയും ചെയ്യും. നൂബിയൻ, സോമാലി എന്നീ ടെക്റ്റോണിക് പ്ലേറ്റുകൾ പ്രതിവർഷം ശരാശരി 4.7 മില്ലിമീറ്റർ വേഗതയിൽ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ഈ പിളർപ്പ് പൂർണ്ണമാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള വെള്ളം ഇവിടേക്ക് ഒഴുകിയെത്തുകയും ആഫ്രിക്കയെ രണ്ട് ഭാഗങ്ങളാക്കി വേർതിരിക്കുന്ന പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും.
ഭൗമശാസ്ത്രപരമായ കണക്കുകൾ പ്രകാരം ഇതിന് 50 ലക്ഷം മുതൽ ഒരു കോടി വരെ വർഷങ്ങൾ എടുത്തേക്കാം.മനുഷ്യ പൂർവ്വികരുടെ ഫോസിലുകൾ തുർക്കാന മേഖലയിൽ ഇത്രയധികം സംരക്ഷിക്കപ്പെട്ടതിന് പിന്നിലും ഈ ഭൗമപ്രക്രിയയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഭൂഖണ്ഡം പിളരുന്നതിന്റെ പ്രത്യാഘാതങ്ങൾ ആഫ്രിക്കയിലെ തീരദേശങ്ങളെയും ഭാവിയിലെ വ്യാപാര വഴികളെയും വലിയ തോതിൽ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Key Words : African Continent, New Ocean

COMMENTS