കരിപ്പൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം ഒടുവിൽ ജയിൽ...
കരിപ്പൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം ഒടുവിൽ ജയിൽ മോചിതനായി സ്വന്തം മണ്ണിൽ തിരിച്ചെത്തി. വലിയ പെരുന്നാൾ ദിനമായ ഇന്ന് രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇരുപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാട്ടിലെത്തിയ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. നിറകണ്ണുകളോടെയാണ് വിമാനത്താവളത്തിലെ ടെർമിനലിൽനിന്നും റഹിം പുറത്തേക്കിറങ്ങിയത്. എല്ലാവർക്കും നന്ദിയുണ്ടെന്ന് റഹിം പറഞ്ഞു.
2006-ൽ ഹൗസ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ അബ്ദുൾ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മനഃപൂർവമല്ലാത്ത കൈപ്പിഴ മൂലം മരണപ്പെട്ട സംഭവത്തിലാണ് ജയിലിലായത്. തുടർന്ന് സൗദി കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപ (1.5 കോടി സൗദി റിയാൽ) ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് ദയാധനമായി (ബ്ലഡ് മണി) സമാഹരിച്ചു നൽകി ചരിത്രം സൃഷ്ടിച്ചു.
ദയാധനം കൈമാറിയതിനെ തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കിയെങ്കിലും, സൗദി പൊതുനിയമപ്രകാരമുള്ള 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഈ കാലാവധി കഴിഞ്ഞ വാരം അവസാനിച്ചതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഹീമിൻ്റെ മോചന ഉത്തരവിലും എക്സിറ്റ് വിസയിലും സൗദി അധികൃതർ ഒപ്പുവെച്ചത്. തുടർന്ന് ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കിയാണ് അദ്ദേഹം ഇന്ന് ജന്മനാട്ടിലേക്ക് പറന്നിറങ്ങിയത്. പെരുന്നാൾ ദിനത്തിൽ തന്നെ റഹീം തിരിച്ചെത്തിയത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും റഹീം നിയമസഹായ സമിതിക്കും പ്രവാസി മലയാളി സമൂഹത്തിനും ഇരട്ടി മധുരമായി മാറി.
കോടമ്പുഴയിലെ പഴയ തറവാട്ടുവീടായ ‘സീനത്ത് മൻസിലി’ലേക്കാണ് റഹീം എത്തിയത്. റഹീമിൻ്റെ സഹോദരൻ്റെ വീട്ടിൽ താമസിച്ചുവരുന്ന മാതാവ് ഫാത്തിമയും റഹീമിൻ്റെ മടങ്ങിവരവോടെ സീനത്ത് മൻസിലിലേക്ക് താമസം മാറും. സഫിയ, സുഹറ, സലീം, നസീർ, സീനത്ത് എന്നിവരാണ് റഹീമിൻ്റെ സഹോദരങ്ങൾ. പരേതനായ മച്ചിലകത്ത് മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) ഇളയ മകനായ അബ്ദുൽ റഹീം 2006 നവംബറിൽ തൻ്റെ 26-ാം വയസ്സിലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസറുടെ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട 15 വയസ്സുള്ള മകനെ പരിചരിക്കലായിരുന്നു പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക മെഡിക്കൽ ഉപകരണം വഴിയാണ് ഈ കുട്ടി ശ്വസിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും. സംഭവദിവസം കുട്ടിയുമായി കാറിൽ യാത്ര ചെയ്യുമ്പോൾ, റോഡിലെ ഒരു ചുവപ്പ് സിഗ്നൽ ലംഘിച്ച് മുന്നോട്ട് പോകാൻ കുട്ടി റഹീമിനോട് നിർബന്ധം പിടിക്കുകയും ബഹളം വെക്കുകയും ചെയ്തു. കുട്ടിയെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിലെ മെഡിക്കൽ ഉപകരണത്തിൽ തട്ടുകയും അത് സ്ഥാനത്തുനിന്ന് മാറിപ്പോവുകയും ചെയ്തു. കുട്ടി ഉടൻ തന്നെ ബോധരഹിതനായി മരണപ്പെടുകയായിരുന്നു.
Key Words : Abdul Rahim, Eid Day

COMMENTS