തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ഉത്തരവ്. പെൺകുട്ടിയുടെ ശൈശവ വിവാഹം...
തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ഉത്തരവ്. പെൺകുട്ടിയുടെ ശൈശവ വിവാഹം നടത്തിയെന്ന പരാതിയിൽ തുടരന്വേഷണത്തിനും മറ്റ് നടപടികൾക്കും തിരുവനന്തപുരം പോക്സോ കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഈ ഉത്തരവ്.
സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ, ആ കേസിന്റെ കൃത്യമായ വിശദാംശങ്ങൾ അറിയാനായി കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിന്റെ അടുത്ത വാദം മേയ് ഇരുപതാം തീയതിയിലേക്ക് മാറ്റിവച്ചു.
ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനും പെൺകുട്ടിയും തമ്മിലുള്ള വിവാഹം മാർച്ചിൽ തിരുവനന്തപുരത്തെ പൂവാറിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. ഈ വിവാഹത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന് ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലാണ് കേസിന് ആധാരമായത്. എന്നാൽ വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നുവെന്നും ഇതിനുള്ള രേഖകൾ ഹാജരാക്കിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാൻ പിതാവ് ഇളയ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കി വ്യാജരേഖ ചമച്ചതാണെന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഉയർത്തുന്ന വാദം.
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന കേരള പൊലീസിന്റെ മുൻ നിലപാടിനെതിരെ മധ്യപ്രദേശ് പൊലീസ് നടത്തിയ അന്വേഷണമാണ് നിലവിലെ നിയമ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്.
Key Words : Viral girl, Wedding, Kumbh Mela, POCSO Court

COMMENTS