ഇസ്‌ലാമാബാദ്: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച പാകിസ്താൻ, പ്രതിനിധികൾ താമസിച്ച പഞ...
ഇസ്‌ലാമാബാദ്: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച പാകിസ്താൻ, പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബില്ല് അടയ്ക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള പ്രശസ്തമായ സെറീന ഹോട്ടലിൽ നടന്ന ചർച്ചകളുടെ ചെലവാണ് പാകിസ്താൻ സർക്കാർ വഹിക്കാതിരുന്നത്.
ഏപ്രിൽ 10 മുതൽ 12 വരെ നടന്ന ഉന്നതതല ചർച്ചകൾക്കായി എത്തിയ പ്രതിനിധികളുടെ താമസം, ഭക്ഷണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയ്ക്കായി വലിയൊരു തുകയാണ് ചിലവായത്. എന്നാൽ ബില്ല് നൽകാൻ സർക്കാർ തയ്യാറാകാതിരുന്നതിനെത്തുടർന്ന്, ഹോട്ടലിന്റെ ഉടമസ്ഥരായ ആഗാ ഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർക്ക് തന്നെ ഇടപെട്ട് തുക സെറ്റിൽ ചെയ്യേണ്ടി വന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്താൻ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ബില്ല് കുടിശ്ശികയാകാൻ കാരണമെന്ന് കരുതപ്പെടുന്നു. ഒരു അന്താരാഷ്ട്ര ചർച്ചയ്ക്ക് വേദിയൊരുക്കിയ ശേഷം അതിന്റെ ചിലവ് വഹിക്കാൻ കഴിയാത്തത് രാജ്യത്തിന് വലിയ നയതന്ത്ര നാണക്കേടായി മാറിയിരിക്കുകയാണ്.
കനത്ത സുരക്ഷയിൽ നടന്ന ഈ രഹസ്യ ചർച്ചകൾ കാര്യമായ തീരുമാനങ്ങളൊന്നുമില്ലാതെയാണ് അവസാനിച്ചത്. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ബില്ല് വിവാദം കൂടി പുറത്തുവന്നത് ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തിരിച്ചടിയായി.
അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്ന പാകിസ്താന് ഒരു ഹോട്ടൽ ബില്ല് പോലും അടയ്ക്കാൻ ശേഷിയില്ലേ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾ ഉയരുന്നുണ്ട്.
നേരത്തെയും സമാനമായ രീതിയിൽ വിദേശ പ്രതിനിധികൾ എത്തിയപ്പോൾ പാകിസ്താൻ ബില്ല് നൽകുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. പുതിയ സംഭവം ആഗോളതലത്തിൽ പാകിസ്താന്റെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്.
Key Words : US-Iran talks, Pakistan, Hotel bill

COMMENTS