വാഷിംഗ്ടൺ: തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധത്തിനൊടുവിൽ ...
വാഷിംഗ്ടൺ: തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധത്തിനൊടുവിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതിരോധത്തിലായി. പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു. തൻ്റെ ഉടമസ്ഥതയിലുള്ള 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലാണ് വിവാദമായ എഐ നിർമ്മിത ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയുടെ തലയിൽ കൈവെച്ച് സുഖപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രത്തിൽ ട്രംപിനെ ചിത്രീകരിച്ചിരുന്നത്. വെള്ള വസ്ത്രം ധരിച്ച ട്രംപിൻ്റെ കൈകളിൽ നിന്ന് പ്രകാശം പുറപ്പെടുന്നതായും പശ്ചാത്തലത്തിൽ അമേരിക്കൻ പതാക, സ്റ്റാച്യു ഓഫ് ലിബർട്ടി, യുദ്ധവിമാനങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ചിത്രം ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന വിമർശനം ട്രംപിൻ്റെ കടുത്ത അനുയായികളിൽ നിന്ന് പോലും ഉയർന്നു.
വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. "ഞാൻ ആ ചിത്രം കണ്ടപ്പോൾ കരുതിയത് എന്നെ ഒരു ഡോക്ടറായി ചിത്രീകരിച്ചതാണെന്നാണ്. റെഡ് ക്രോസ് പ്രവർത്തകയ്ക്കൊപ്പം ഒരു ഡോക്ടർ രോഗികളെ സുഖപ്പെടുത്തുന്നതായാണ് എനിക്ക് തോന്നിയത്," ട്രംപ് മാധ്യമപ്രവർത്തകരോട് തൻ്റെ വിചിത്രമായ ന്യായ വാദം ഉന്നയിച്ചു. തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: "ഞാൻ ആളുകളെ സുഖപ്പെടുത്താറുണ്ട്. അവരെ ഞാൻ ഒരുപാട് മെച്ചപ്പെടുത്തുന്നുമുണ്ട്."
ട്രംപിൻ്റെ വിശ്വസ്തരിൽ പലരും ചിത്രത്തിനെതിരെ പരസ്യമായി രംഗത്തെത്തി. "ഇത് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്. ഒരു സാഹചര്യത്തിലും ഇത് അംഗീകരിക്കാനാവില്ല"- എന്ന് പ്രമുഖ ക്രിസ്ത്യൻ ആക്ടിവിസ്റ്റ് സീൻ ഫ്യൂക്റ്റ് പറഞ്ഞു.
മറ്റൊരു കൺസർവേറ്റീവ് ആക്ടിവിസ്റ്റായ റൈലി ഗെയിൻസ് "ദൈവത്തെ ആരും പരിഹസിക്കരുത്" എന്ന് കുറിച്ചപ്പോൾ, ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിലെ മാധ്യമപ്രവർത്തകൻ ഡേവിഡ് ബ്രോഡി പറഞ്ഞത് "ഇത് അതിരുകടന്നുപോയി, എല്ലാ പരിധികളും ലംഘിച്ചു" എന്നാണ്.
Key Words : Donald Trump

COMMENTS