ന്യൂയോർക്ക് : ഇറാൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ തന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നീക്കങ്ങൾ അത് തടഞ്ഞുവെന്നും...
ന്യൂയോർക്ക് : ഇറാൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ തന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നീക്കങ്ങൾ അത് തടഞ്ഞുവെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഫോക്സ് ബിസിനസ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളാണ് അവരെ തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണങ്ങൾ നടന്നിട്ടില്ലായിരുന്നെങ്കിൽ ഏതാനും മാസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ ഇറാൻ ആണവായുധം നിർമ്മിക്കുമായിരുന്നുവെന്നും അത് ഇസ്രായേലിനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും എന്തിന് അമേരിക്കയ്ക്ക് പോലും വലിയ ഭീഷണിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒബാമ ഭരണകൂടം 2015-ൽ ഒപ്പിട്ട ഇറാൻ ആണവ കരാറിനെ ട്രംപ് വീണ്ടും രൂക്ഷമായി വിമർശിച്ചു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടന്ന തിരിച്ചടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ലോകം ഞെട്ടിപ്പോയി. എന്നാൽ ഈ രാജ്യങ്ങൾ ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളായിരുന്നുവെന്നും അമേരിക്കൻ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇറാൻ ഈ മേഖല മുഴുവൻ പിടിച്ചടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അമേരിക്കൻ സേനയുടെ കരുത്തിലാണ് ഇപ്പോൾ വലിയൊരു വിപത്ത് ഒഴിവായതെന്നും ട്രംപ് അവകാശപ്പെട്ടു. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ സൈനിക നടപടികൾ അനിവാര്യമായിരുന്നുവെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.
Key Words : Donald Trump, Middle East, Iran

COMMENTS