കോട്ടയം : ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗ...
കോട്ടയം : ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ബിഷപ്പ് വ്യക്തമാക്കി. പൊതുപ്രവർത്തകർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുത്. സഭയ്‌ക്കെതിരെ ഭീഷണിയുടെ സ്വരം വിലപ്പോകില്ല. ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇരുവരും സഭാനേതൃത്വത്തിനെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിഷപ്പുമാർക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു എന്ന ആരോപണം ഇവർക്കെതിരെ ശക്തമാണ്. പാലാ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ ഷോൺ, എഫ്‌സിആർഎ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയുടെ നിലപാടിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ സഭയുടെ രാഷ്ട്രീയ നിലപാടുകളെയും എഫ്‌സിആർഎ ബില്ലിനെയും ചൊല്ലിയുള്ള പി.സി. ജോർജിൻ്റെയും ഷോണിൻ്റെയും പ്രസ്താവനകളാണ് ബിഷപ്പിനെ ചൊടിപ്പിച്ചത്. ബിഷപ്പുമാർ 'പോക്രിത്തരം' കാണിക്കുന്നുവെന്നും രാഷ്ട്രീയക്കാർ മറുപടി പറയുമെന്നുമുള്ള പിസി ജോർജിൻ്റെ പരാമർശങ്ങൾക്കെതിരെ സഭാ പ്രസിദ്ധീകരണമായ 'ദീപിക'യും എഡിറ്റോറിയലിലൂടെ മറുപടി നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ ബിഷപ്പ് നേരിട്ട് കടുത്ത ഭാഷയിൽ രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്തെ വോട്ടുചോദിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ബിഷപ്പ് മറുപടി നൽകി. രഹസ്യമായി വോട്ടു ചോദിച്ചുവെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പരസ്യമായി തന്നെ വോട്ടു ചോദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി. ഭരണഘടന അനുവാദം നൽകുന്ന കാര്യമാണിതെന്നും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് വോട്ട് ചോദിക്കാൻ ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാർക്കും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Key Words : PC George, Shone George, Pala Bishop

COMMENTS