ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് സംസ്ഥാനം നീങ്ങുന്നു. വൈകുന്നേരം അഞ്ചു മണി വരെയുള്ള കണക്ക...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് സംസ്ഥാനം നീങ്ങുന്നു. വൈകുന്നേരം അഞ്ചു മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 82.24 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ആകെ 5.73 കോടി വോട്ടർമാരിൽ 4.71 കോടി ആളുകൾ ഇതിനോടകം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. നാമക്കൽ ജില്ലയിലെ കുമാരപാളയത്താണ് ഏറ്റവും ഉയർന്ന പോളിംഗ് (90.98%) റിപ്പോർട്ട് ചെയ്തത്. കരൂർ ജില്ലയിലും (89.32%) വൻ ജനപങ്കാളിത്തം ദൃശ്യമായി. നഗരമേഖലയായ ചെന്നൈയിലും 81.34 ശതമാനം എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തിരുനെൽവേലിയിലെ പാളയംകോട്ടയിലാണ് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ പോളിംഗ് (66.71%) ഉള്ളത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.വി.കെ. നേതാവ് വിജയ്, എടപ്പാടി പളനിസ്വാമി, ഒ. പനീർസെൽവം തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും വോട്ട് ചെയ്യാനെത്തി.
വൈകുന്നേരം ആറ് മണിക്ക് ശേഷവും വോട്ടർമാരുടെ വലിയ നിര തുടരുന്നതിനാൽ, ക്യൂവിലുള്ള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ പോളിംഗ് ശതമാനം വരുമ്പോൾ അത് പഴയ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് വിലയിരുത്തൽ. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
Key Words : Tamil Nadu, Record Polling, Election

COMMENTS