തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ വേനൽചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ വേനൽചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് മാസത്തിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്നും ഇതിന്റെ ഫലമായി അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ അറിയിച്ചു.
മേയ് രണ്ടാം വാരം മുതൽ കേരളത്തിൽ മഴ സജീവമാകുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ പടിഞ്ഞാറൻ കാറ്റ് കേരള തീരത്തേക്ക് എത്തുന്നതാണ് കനത്ത മഴയ്ക്ക് പ്രധാന കാരണമാകുന്നത്. ഇതോടൊപ്പം വേനൽക്കാലത്തെ കാറ്റിന്റെ ഘടനയിൽ മാറ്റം വരുന്നതും മഴയ്ക്ക് വഴിതെളിക്കുന്നു.
നിലവിൽ തെലങ്കാന മുതൽ കന്യാകുമാരി വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഈ സാഹചര്യം തുടരും.
കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂടിന് ഈ മഴ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. മേയ് അവസാനത്തോടെ കാലവർഷം എത്തുന്നതിനു മുന്നോടിയായി ലഭിക്കുന്ന ഈ വേനൽ മഴ കാർഷിക മേഖലയ്ക്കും ഉണർവ് നൽകും.
Key Words : Summer Heat, Heavy Rain

COMMENTS