സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് കെ. സുധാകരന്‍ എംപി പങ്കുവച്ച ഫേസ്ബുക്ക് പോ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് കെ. സുധാകരന്‍ എംപി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.
വേണുഗോപാലിന്റെ സംഘാടന മികവാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടതെന്നും അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടതോടെ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും മാത്രമല്ലെന്നു വെളിവായിരിക്കുകയാണ്. ഇത്തവണ സീറ്റു വിഭജനത്തിലും വേണുഗോപാലിനോട് അടുപ്പമുള്ളവര്‍ക്കാണ് പ്രാമുഖ്യം. രണ്ടാം സ്ഥാനത്ത് രമേശാണ്. സതീശനോട് കൂറുപുലര്‍ത്തുവന്നര്‍ പത്തില്‍ താഴെ മാത്രമാണ്. ഇവരില്‍ എത്രപേര്‍ ജയിക്കുമെന്നു കണ്ടറിയണം.
വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലം വരാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ (മെയ് 4), സുധാകരന്റെ ഈ നീക്കം യുഡിഎഫിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സൂചന
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ സജീവമായി നിലനില്‍ക്കെയാണ് കെ.സി. വേണുഗോപാലിനായി സുധാകരന്‍ പരസ്യമായി രംഗത്തെത്തുന്നത്. 'കേരളത്തിന് ദിശാബോധം നല്‍കാന്‍ കെ.സി.യ്ക്ക് കഴിയും' എന്ന പരാമര്‍ശം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണെന്ന കൃത്യമായ സൂചനയാണ് നല്‍കുന്നത്.
സംഘടനാ മികവിനുള്ള അംഗീകാരം
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കെ.സി. വേണുഗോപാല്‍ വഹിച്ച പങ്കിനെയാണ് സുധാകരന്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി തുടരുമ്പോഴും കേരളത്തിലെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് ഒരു വലിയ വിഭാഗം നേതാക്കള്‍ അംഗീകരിക്കുന്നുണ്ട് എന്നാണ് സുധാകരന്‍ പറയുന്നത്. ഇതിലൂടെ ഉന്നമിടുന്നത് എന്താണെന്നു വ്യക്തമാണ്.
സുധാകരന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ നിര്‍വഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവര്‍ത്തകരെ ഉണര്‍ത്തിയും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു നേതൃത്വമാണ്. ലീഡര്‍ ശ്രീ. കെ. കരുണാകരന്‍, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി... സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സിക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴേത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ.
പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവര്‍ത്തന ശൈലിയും, ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്.
കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നല്‍കാന്‍, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നതുപോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലന്‍ ഉയരട്ടെ!
ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ...
നേരത്തെ പാര്‍ട്ടി പുനഃസംഘടനയുമായും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായും ബന്ധപ്പെട്ട് സുധാകരന്‍ അതൃപ്തിയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, തന്റെ അതൃപ്തിക്ക് പിന്നില്‍ കെ.സി. വേണുഗോപാല്‍ അല്ലെന്ന് വ്യക്തമാക്കുന്നതിലൂടെ സുധാകരന്‍ ക്യാമ്പ് ഒരു രാഷ്ട്രീയ ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് കരുതാം. കെ.സി.യെ പിന്തുണയ്ക്കുന്നതിലൂടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പുതിയൊരു ധ്രുവീകരണം സുധാകരന്‍ ലക്ഷ്യമിടുന്നുണ്ട്.
ചരിത്രപരമായ താരതമ്യങ്ങള്‍
കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളുടെ പിന്‍ഗാമിയായി കെ.സി.യെ സുധാകരന്‍ വിശേഷിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കെ.സി. വേണുഗോപാലിന് സുധാകരന്‍ നല്‍കുന്ന ഈ പരസ്യ പിന്തുണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള കളമൊരുക്കലായും കാണാം.
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സുധാകരന്‍ നടത്തിയ ഈ പ്രശംസ കോണ്‍ഗ്രസിനുള്ളിലെ 'മുഖ്യമന്ത്രി മോഹികള്‍ക്ക്' ഒരു മുന്നറിയിപ്പാണ്. യുഡിഎഫ് വിജയിച്ചാല്‍ കെ.സി. വേണുഗോപാലിനെ ഹൈക്കമാന്‍ഡ് പ്രതിനിധിയായി കേരളത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള സാധ്യതകള്‍ക്ക് ഈ പോസ്റ്റ് കൂടുതല്‍ കരുത്തേകുന്നു.
ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടയിലും പാര്‍ട്ടിക്കുള്ളില്‍ ഒരു പൊതുസമ്മതനായ നേതാവ് എന്ന നിലയില്‍ കെ.സി. വേണുഗോപാലിനെ ഉയര്‍ത്തിക്കാട്ടുന്നത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സമവായ സ്ഥാനാര്‍ത്ഥിയായി വേണുഗോപാല്‍ വരാം.
ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധമുള്ള ഒരു നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് കേരളത്തിലെ വികസന പദ്ധതികള്‍ക്കും കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ക്കും വേഗത കൂട്ടുമെന്ന് വേണുഗോപാലിനായി വാദിക്കുവന്നവര്‍ പറയുന്നു.
വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിയമസഭയ്ക്കുള്ളില്‍ പാര്‍ട്ടിയെ നയിച്ചവരാണ്. സുധാകരന്റെ ഈ പരസ്യമായ പിന്തുണ അവരെ എപ്രകാരം ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാവും.
Summary: KPCC President K. Sudhakaran’s Facebook post praising AICC General Secretary K.C. Venugopal has triggered a fresh wave of discussions in Kerala’s Congress politics. With the election results just weeks away (May 4), this move suggests a potential shift in the UDF's internal power dynamics.
A Signal for the Chief Minister’s Post
While names like V.D. Satheesan and Ramesh Chennithala are already in the fray for the Chief Minister’s post if the UDF wins, Sudhakaran’s public endorsement of K.C. Venugopal is significant. By stating that "K.C. can provide a sense of direction to Kerala," Sudhakaran has effectively positioned Venugopal as a primary contender for the top job.
Recognition of Organizational Excellence
Sudhakaran highlighted K.C. Venugopal's organizational skills displayed during the recent Assembly elections (April 9). He noted that despite his national responsibilities as Rahul Gandhi’s confidant, Venugopal succeeded in energizing grassroots workers and boosting the confidence of candidates across the state.



COMMENTS